പൂണെ: വീട്ടിൽവച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായ 24കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
2017ൽ പ്രതിയെ വിവാഹം കഴിച്ച യുവതിക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്. മൂന്നാം തവണ യുവതി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. തുടർന്നാണ് വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചത്.
ഗർഭച്ഛിദ്രത്തിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതിയുടെ നില വഷളായി. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ യുവതി മരിച്ചെന്ന് ഇന്ദാപൂർ പൊലീസ് അറിയിച്ചു.
കൃഷിസ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭ്രൂണം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. യുവതിയുടെ സഹോദരന്‍റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും വിശദമായ അന്വേഷണമാണ് നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.