ന്യൂഡൽഹി: സമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകിയില്ലെങ്കിൽ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) കൈമാറുമെന്ന് സുപ്രീംകോടതി. 1994ലെ പാട്ടക്കരാർ പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന നിബന്ധനയുണ്ട്. ഇത്തരത്തിൽ ചികിത്സ നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ അപ്പോളോ ആശുപത്രിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ രേഖകൾ പരിശോധിക്കാനും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
കരാർ പ്രകാരം 30 ശതമാനം കിടപ്പുരോഗികൾക്കും 40 ശതമാനം ഇതരരോഗികൾക്കും സൗജന്യ ചികിത്സ നൽകണമെന്നായിരുന്നു നിബന്ധന. ഇതനുസരിച്ചാണ് ആശുപത്രിക്ക് മഥുര റോഡിൽ പ്രതിമാസം ഒരുരൂപ എന്ന പ്രതീകാത്മക പാട്ടത്തുകയിൽ 15 ഏക്കർ ഭൂമി അനുവദിച്ചത്. കരാർ ലംഘിക്കുന്നതായി കണ്ടെത്തിയാൽ ആശുപത്രി എയിംസിന് കൈമാറാൻ മടിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആശുപത്രിയുമായുള്ള പാട്ടക്കരാർ 2023ൽ അവസാനിച്ചതാണ്. കരാർ നീട്ടിയിട്ടില്ലെങ്കിൽ, പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് എന്ത് നിയമപരമായ നടപടി സ്വീകരിച്ചുവെന്ന് ഡൽഹി, കേന്ദ്ര സർക്കാറുകൾ വിശദമാക്കണം. വിഷയത്തിൽ, ആശുപത്രിക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതിയുണ്ട്. ഒരു മാസത്തിനുശേഷം കേസ് വീണ്ടും പരിഗണിക്കും.
ആശുപത്രിയിലെ നിലവിലുള്ള ആകെ കിടക്കകളുടെ എണ്ണവും കഴിഞ്ഞ അഞ്ച് വർഷത്തെ ഒ.പി.ഡി രോഗികളുടെ എണ്ണവും അറിയിക്കണം. പരിശോധനാ സംഘവുമായി സഹകരിക്കാനും മോണിറ്ററിങ് അതോറിറ്റി ആവശ്യപ്പെട്ട എല്ലാ പ്രസക്തമായ രേഖകളും നൽകാനും ആശുപത്രിയോട് കോടതി നിർദേശിച്ചു. 2009 സെപ്റ്റംബർ 22ലെ ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെതിരെ അപ്പോളോ ആശുപത്രി നടത്തുന്ന ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപറേഷൻ ലിമിറ്റഡ് (ഐ.എം.സി.എൽ) സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ആശുപത്രിയിൽ പാവപ്പെട്ടവർക്ക് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.