ന്യൂഡൽഹി: രാജ്യത്ത് ഒാരോ അതിപ്രധാന വ്യക്തി (വി.െഎ.പി)യുടെയും സുരക്ഷക്ക് മൂന്നു പൊലീസുകാർ. 663 പൊതുജനങ്ങൾക്ക് ഒരു പൊലീസുകാരൻ. വി.െഎ.പി സംസ്കാരത്തിെനതിരായ രാഷ്ട്രീയ പ്രസംഗങ്ങൾക്കിടയിൽ, അവരുടെ സുരക്ഷക്കും ജനസുരക്ഷക്കും നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണത്തിലെ അന്തരം പുറത്തുകൊണ്ടുവരുന്നത് ബ്യൂറോ ഒാഫ് പൊലീസ് റിസർച് ആൻഡ് െഡവലപ്മെൻറ് നൽകുന്ന വിവരങ്ങളാണ്.
വിവിധ സംസ്ഥാനങ്ങളിലായി 20,000ൽപരം വി.െഎ.പികളുണ്ട്. സാധാരണക്കാരുടെ സേവനത്തിന് വേണ്ടത്ര പൊലീസുകാരില്ല എന്ന പ്രശ്നം ബാക്കിനിൽക്കേതന്നെയാണ് ഒരു വി.െഎ.പിക്ക് മൂന്നുപേർ എന്ന കണക്കിൽ പൊലീസുകാരെ നിേയാഗിക്കേണ്ടിവരുന്നത്. രാജ്യത്ത് 19.26 ലക്ഷം പൊലീസുകാരുണ്ട്. ഇതിൽ 56,944 പേരെ 20,828 വി.െഎ.പികളുടെ സുരക്ഷക്ക് ചുമതലപ്പെടുത്തിയിരിക്കുന്നു.
പ്രത്യേക വി.െഎ.പി സംരക്ഷണമില്ലാത്ത ഏക പ്രദേശം ലക്ഷദ്വീപാണ്. വടക്ക്, വടക്കു കിഴക്കൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ വി.െഎ.പി സംസ്കാരം പ്രകടമാകുന്നത്.
െപാതുജനത്തിന് ഏറ്റവും കുറവ് പൊലീസ് സംരക്ഷണം കിട്ടുന്ന ബിഹാറിലാണ് ഏറ്റവും കൂടുതൽ വി.െഎ.പികൾ. 3200 പ്രധാന വ്യക്തികൾക്കായി 6,248 പൊലീസുകാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. പശ്ചിമ ബംഗാളിൽ 2207 വി.െഎ.പികൾ; കാവലിന് 4233 പൊലീസുകാർ.
കേരളത്തിൽ വി.െഎ.പി 57; സുരക്ഷ ചുമതല 214 പൊലീസുകാർക്ക്. ജമ്മു-കശ്മീരിൽ 2075 വി.െഎ.പികളുണ്ട്. അവർക്ക് 4499 പേർ സുരക്ഷ നൽകുന്നു. വി.െഎ.പി സംസ്കാരം കുറക്കുമെന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥിെൻറ നാടായ യു.പിയിൽ വി.െഎ.പികൾ 1901; അവർക്ക് സുരക്ഷ നൽകാൻ 4681 പൊലീസുകാർ. തലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വി.െഎ.പികൾ വിഹരിക്കുന്നത്. എങ്കിലും ഇവിടത്തെ പൊലീസ് സുരക്ഷ നൽകുന്നത് 489 വി.െഎ.പികൾക്കാണ്. എന്നാൽ, അതിനായി ഏറ്റവും കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട് -ആകെ 7420 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.