ചണ്ഡിഗഢ്: ഹരിയാനയിൽ ഗുരുഗ്രാമിന് സമീപം നൂഹിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഹോംഗാർഡുകൾ മരിച്ചവരിൽ ഉൾപ്പെടും. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം അയൽനാടുകളിലേക്ക് പടരുന്നത് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ് ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്രമം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ പറഞ്ഞു. സമാധാനം നിലനിർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ഒരു സംഘം യാത്ര തടയാൻ ശ്രമിച്ചു. യാത്രക്കുനേരെ കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. പ്രകടനത്തിൽ പങ്കെടുത്ത നിരവധി കാറുകൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. പൊലീസ് വാഹനങ്ങളും അഗ്നിക്കിരയായി. ഇതിന് പിന്നാലെ ഗുരുഗ്രാം ജില്ലയിലെ സോഹ്നയിൽ നാലു വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്. ബല്ലഭാഗിലെ ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിലിട്ട വിഡിയോ ആണ് സംഘർഷം സൃഷ്ടിച്ചതെന്ന് പരാതിയുണ്ട്. ഗോരക്ഷാഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പ്രശ്നം വഷളാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.