ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാജ്യത്തെ റോഡുകൾ ഉപരോധിച്ച് കർഷകർ. 'ഛക്ക ജാം'എന്ന് പേരിട്ട ഉപരോധ സമരത്തിൽ ദേശീയ, സംസ്ഥാന പാതകളെ കർഷകർ ഉപരോധിച്ചു. പ്രക്ഷോഭ പരിപാടികളോടനുബന്ധിച്ച് വൻ സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത്. ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വഴി തടയൽ ഒഴിവാക്കാൻ ഭാരതീയ കിസാൻ യൂനിയൻ രാകേഷ് ടികായത്ത് പറഞ്ഞിരുന്നു.
'ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ് ഉപരോധം ഉണ്ടാവില്ല. ഡൽഹി ഒഴികെയുള്ള രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ റോഡുകൾ തടയും' -ടിക്കായത്ത് പറഞ്ഞു. ഡൽഹിക്കുപുറത്തുള്ള എക്സ്പ്രസ് ഹൈവേകൾ ഉൾപ്പടെ കർഷകർ ഉപരോധിച്ചു. ബംഗളൂരുവിൽ പ്രതിഷേധത്തിന് മുന്നോടിയായി 30 പേരെ കരുതൽ തടങ്കലിലെടുത്തിരുന്നു. ദില്ലി-ഹരിയാന അതിർത്തിയിൽ പാൽവാൾ വരെയുള്ള പാത കർഷകർ തടഞ്ഞെങ്കിലും ആംബുലൻസുകളും അവശ്യ സേവനങ്ങളും അനുവദിച്ചു. പത്താൻകോട്ട്-ജമ്മു ഹൈവേയും തടഞ്ഞു.
പഞ്ചാബ്-ഹരിയാന അതിർത്തി അടച്ച് നിരവധി റൂട്ടുകളും തടഞ്ഞിരുന്നു. പഞ്ചാബിലെ സംഗ്രൂർ, ബർണാല, ബതിന്ദ എന്നിവയുൾപ്പെടെ 15 ജില്ലകളിലെ 33 സ്ഥലങ്ങളിൽ റോഡ് ഉപരോധം നടത്തിയതായി ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രികാലൻ പറഞ്ഞു. ദില്ലി-എൻസിആർ മേഖലയിൽ 50,000 ത്തോളം പോലീസ്, അർധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എട്ട് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം രാവിലെ മുതൽ അടച്ചിരുന്നു.
രാജ്യവ്യാപകമായി ഉപരോധത്തിന് കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. 'അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താൽപ്പര്യമാണ്. ഈ മൂന്ന് നിയമങ്ങളും കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല, ജനങ്ങൾക്കും രാജ്യത്തിനും ദോഷകരമാണ്. പൂർണ്ണ പിന്തുണ'- രാഹുൽ ഗാന്ധി ഹിന്ദി ട്വിറ്ററിൽ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ ഇന്നും ആവർത്തിച്ചിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.