ഗൊരഖ്പുർ(യു.പി): ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ യു.പിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുക്കളടക്കം 30 കുട്ടികൾ അതിദാരുണമായി മരിച്ചു. ബാബ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളജിലാണ് സംഭവം. നവജാത ശിശുക്കളും മസ്തിഷ്ക വീക്കം വന്ന കുട്ടികളുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് ജില്ല മജിസ്ട്രേറ്റ് രാജീവ് റവ്തെല വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ 60 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയുടെ പേരിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
ഓക്സിജൻ ലഭ്യമല്ലാതായതോടെ ആശുപത്രിയിൽ പ്രശ്നമുടലെടുത്തിരുന്നു. 70 ലക്ഷം രൂപ നൽകാനുള്ളതിൽ 35 ലക്ഷം ഓക്സിജൻ വിതരണ കമ്പനിക്ക് നൽകിയതായാണ് കോളജ് പ്രിൻസിപ്പൽ അറിയിച്ചത്. പണം ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് കുട്ടികൾ മരിച്ചത്. വ്യാഴാഴ്ച രാത്രിമാത്രം ഏഴ് കുട്ടികൾ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ജനറൽ ഡോ. കെ.കെ. ഗുപ്ത സംഭവം നിഷേധിച്ചു. ഓക്സിജൻ ലഭ്യതക്കുറവ് മൂലമല്ല മരണം സംഭവിച്ചതെന്നും ആശുപത്രിക്ക് സ്വന്തമായി ഓക്സിജൻ പ്ലാൻറ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ മണ്ഡലമാണ് ഗൊരഖ്പുർ. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി ആശുപത്രി സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തതാണ്. ആരോഗ്യ മന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും ഇക്കാര്യം നിഷേധിച്ചു. അന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷമെ കാരണം വ്യക്തമാകൂ എന്ന് അദ്ദേഹം പറഞ്ഞു.ഭീമമായ തുക നൽകാനുണ്ടെന്ന് ഓക്സിജൻ വിതരണ കമ്പനി അറിയിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഉത്തർപ്രദേശിലെ ഏറ്റവും വലുതും മസ്തിഷ്ക ചികിത്സക്ക് പ്രശസ്തവുമായ ആശുപത്രിയാണ് ബി.ആർ.ഡി മെഡിക്കൽ കോളജ്.
യു.പിയിൽ വൻ പ്രതിഷേധം
ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് ബി.ആർ.ഡി മെഡിക്കൽ കോളജിൽ നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തെത്തുർന്ന് വ്യാപക പ്രതിഷേധം. ദിവസങ്ങൾക്ക് മുമ്പാണ് മാരകരോഗങ്ങൾ തുടച്ചു നീക്കുന്നതിനുള്ള കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഓക്സിജൻ തീർന്നതിനാലല്ല മരണം സംഭവിച്ചതെന്നറിയിച്ച് ആരോഗ്യമന്ത്രിയും ആശുപത്രിഅധികൃതരും രംഗത്തെത്തി. ജില്ല മജിസ്ട്രേറ്റ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അതേസമയം, സർക്കാറിെൻറ നിരുത്തരവാദപരമായ സമീപനം മൂലമാണ് മരണം സംഭവിച്ചതെന്ന് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പറഞ്ഞു. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡൻറ് രാജ് ബാബർ, സമാജ് വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. ശനിയാഴ്ച വൈകീട്ടോടെ അന്വേഷണത്തിെൻറ പ്രാഥമിക റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം മാത്രേമ മരണകാരണം വ്യക്തമാകൂ എന്നുമാണ് സർക്കാർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.