ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായതിനെ പരിഹസിച്ച് കോൺഗ്രസും ആം ആദ്മി പാർട്ടിയും. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളം മോട്ടോർ ഉപയോഗിച്ച് ഒഴിവാക്കുന്നതും ആളുകൾ വെള്ളത്തിലൂടെ നടന്നുപോകുന്നതുമെല്ലാം വിഡിയോകളിലുണ്ട്.
‘നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഭയം കാരണം പറയാൻ കഴിയാത്തത്, ദൈവം പറഞ്ഞു. നിങ്ങളുടെ അഹംഭാവം കുറക്കുക, ഈ രാജ്യമാണ് നിങ്ങളെ ഒരു നേതാവാക്കിയത്, അതിനെ മുൻനിർത്തി ജനങ്ങളെ ഉന്നതരാക്കുക’, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിയെ ലക്ഷ്യമിട്ട് പറഞ്ഞു.
ഏകദേശം 3000 കോടി രൂപ മുടക്കി നിർമിച്ച ഭാരത് മണ്ഡപത്തിൽ ചെറിയ മഴയിൽ പോലും വികസനം ഒഴുകുന്ന കാഴ്ചയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. മോദി സർക്കാർ പാവപ്പെട്ടവരെ തിരശ്ശീലക്ക് പിന്നിൽ മറച്ചു. എന്നാൽ, കൊള്ളരുതായ്മകൾ എത്ര മൂടിവെക്കാൻ ശ്രമിച്ചാലും കഴിയില്ല. മോദി സർക്കാരിന്റെ വികസനം ഉദ്ഘാടനങ്ങൾക്കും ചടങ്ങുകൾക്കുമപ്പുറം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ഉച്ചകോടിക്കായി തയാറാക്കിയ ഭാരത് മണ്ഡപത്തിലുണ്ടായ വെള്ളക്കെട്ട് മോദി സർക്കാറിന്റെ പൊള്ളയായ വികസനമാണ് പുറത്തുകൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിനാറ്റെ പരിഹസിച്ചു. 2,700 കോടി രൂപയാണ് ഭാരത് മണ്ഡപം പണിയാനായി മുടക്കിയത്. ഒറ്റമഴയിൽ അത് നഷ്മായി. മഴയും അന്താരാഷ്ട്ര ദേശവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായിരിക്കുകയാണ്. ഇത്രയധികം പണം തട്ടിയെടുത്ത് ഇത്രയും നാണംകെട്ട പണികൾ ചെയ്ത അഴിമതിക്കാർ ആരാണെന്നും അവർ ചോദിച്ചു.
ജി 20 അംഗങ്ങളെ വരവേൽക്കാൻ നിരവധി കോടികൾ ചെലവിട്ടാണ് ഭാരത് മണ്ഡപ വികസനം പൂർത്തിയാക്കയതെന്നും എന്നാൽ, ഇപ്പോൾ വികസനം ഒഴുകുകയാണെന്നും യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് പരിഹസിച്ചു.
‘‘അമ്പതിലേറെ പരിശോധനകൾ നടത്തിയിട്ടും മണ്ഡപത്തിന് ചുറ്റുമുള്ള പ്രധാനഭാഗം വെള്ളത്തിൽ മുങ്ങിയെങ്കിൽ നടപടി വേണം. ഇത് വളരെ ഗുരുതര കാര്യമാണ്. കേന്ദ്രസർക്കാരിന്റെ ഏരിയയിൽ എനിക്ക് അധികാരമില്ല’’– ഡൽഹി നഗര വികസന മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. 31 സെക്കൻഡുള്ള വിഡിയോയും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, വെള്ളക്കെട്ടിനെ പർവതീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. ഒറ്റരാത്രികൊണ്ട് പെയ്ത മഴയിൽ തുറസ്സായ സ്ഥലത്തെ ചെറിയ വെള്ളക്കെട്ട് പമ്പുകളും മറ്റും ഉപയോഗിച്ച് അതിവേഗം ശരിയാക്കിയിട്ടുണ്ടെന്നും വിശദീകരണ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.