ന്യൂഡൽഹി: കോവിഡ് 19ന്‍റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് അഭ്യർഥിച്ച ഡോക്ടർമാരുടെ സംഘടന, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുന്നതിൽ ദു:ഖം പ്രകടിപ്പിച്ചു.
'മഹാമാരികളുടെ ചരിത്രവും ലഭ്യമായ തെളിവുകളും വെച്ച് നോക്കുമ്പോൾ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കാനാകാത്തതാണ്. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. എന്നാൽ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ സർക്കാർ അധികൃതരും പൊതുജനങ്ങളും അലംഭാവം കാട്ടുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ജനം ഒത്തുകൂടുകയാണ്. ഇത് ഏറെ ദു:ഖകരമാണ്' -ഐ.എം.എ പ്രസ്താവനയിൽ പറഞ്ഞു.
വിനോദ സഞ്ചാരം, തീർഥാടനം, മതപരമായ ആഘോഷങ്ങൾ എന്നിവയെല്ലാം ആവശ്യമാണെങ്കിലും നാം ഏതാനും മാസം കൂടി കാത്തുനിൽക്കേണ്ടതുണ്ട്. ഇത്തരം ആൾക്കൂട്ടങ്ങളുണ്ടാകുന്നതും വാക്സിനെടുക്കാതെ ആളുകൾ പങ്കെടുക്കുന്നതും ഇവയെ കോവിഡിന്‍റെ സൂപ്പർ പകർച്ചാ കേന്ദ്രങ്ങളാക്കി മാറ്റും.
ആൾക്കൂട്ടങ്ങളുണ്ടാക്കുന്ന സാമ്പത്തിക വരുമാനത്തേക്കാൾ കൂടുതൽ കോവിഡ് രോഗികളുടെ ചികിത്സക്കായി ചെലവിടേണ്ടിവരും. കഴിഞ്ഞ ഒന്നരവർഷത്തിന്‍റെ അനുഭവം വിലയിരുത്തിയാൽ, വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാംതരംഗത്തെ പ്രതിരോധിക്കാനാകൂവെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.