ചെന്നൈ: തൂത്തുക്കുടി തുറമുഖത്ത് എത്തിയ കപ്പലിൽനിന്ന് 400 കിലോ മയക്കുമരുന്ന് സെൻട്രൽ റവന്യു ഇൻറലിജൻസ് വിഭാഗം പിടികൂടി. സാർവദേശീയ വിപണിയിൽ ഇതിന് ആയിരം കോടിയിലധികം വിലയുണ്ട്.
തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിൽനിന്ന് തൂത്തുക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കപ്പൽ മാർഗം മരക്കട്ടകൾ ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളിലാണ് 30 ചാക്കുകളിലായി സൂക്ഷിച്ച 400 കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. സിംഗപ്പൂർ, ശ്രീലങ്ക തുറമുഖങ്ങൾ വഴിയാണ് കപ്പൽ തൂത്തുക്കുടിയിലെത്തിയത്. സെൻട്രൽ റവന്യു ഇൻറലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ കാർത്തികേയെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
തൂത്തുക്കുടിയിൽനിന്ന് വടക്കേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അയക്കാനിരുന്നതാണെന്നും മയക്കുമരുന്ന് കടത്തിന് പിന്നിലുള്ള കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും ഉദ്യോഗസ്ഥ സംഘമറിയിച്ചു. കപ്പലും തുറമുഖത്ത് പിടിച്ചിട്ടിരിക്കയാണ്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സ്വദേശിയായ കാപ്റ്റനെയും ഇന്ത്യക്കാരായ 24 ജീവനക്കാരെയും കപ്പലിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.