ന്യൂഡൽഹി: നക്സൽ അക്രമ ബാധിത പ്രദേശമായ ഛത്തിസ്ഗഢിലെ ബസ്തറിൽ സി.ആർ.പി.എഫ് 4000ത്തിലധികം പേർ ഉൾപ്പെടുന്ന നാല് ബറ്റാലിയൻ സൈനികരെ വിന്യസിച്ചു. 2026ഓടെ മാവോവാദി ഭീഷണി പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായാണ് സൈന്യം നേരിട്ടുള്ള ഉഗ്ര പോരാട്ടത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഝാർഖണ്ഡിൽനിന്ന് മൂന്ന് ബറ്റാലിയനെയും ബിഹാറിൽനിന്ന് ഒരു ബറ്റാലിയനെയും പിൻവലിച്ചാണ് ഛത്തിസ്ഗഢിൽ വിന്യസിച്ചത്. സി.ആർ.പി.എഫിന്റെ കോബ്ര യൂനിറ്റുമായി സഹകരിച്ചാകും ഓപറേഷൻ. കവചിത വാഹനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ഡോഗ് സ്ക്വഡുകൾ, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളോടെയാണ് സൈന്യം പ്രവർത്തിക്കുക.
പതിയിരുന്ന് ആക്രമണം, സ്ഫോടനം തുടങ്ങി കനത്ത വെല്ലുവിളികൾ നേരിടാനുറച്ചാണ് ഇത്തവണ സി.ആർ.പി.എഫിന്റെ നീക്കം. 2026 മാർച്ചോടെ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഭീഷണിയായ ഇടതുപക്ഷ തീവ്രവാദത്തിൽനിന്ന് പൂർണമായും മുക്തമാക്കാൻ ശക്തവും നിർദയവുമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആഗസ്റ്റ് 24ന് ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ പ്രഖ്യാപിച്ചിരുന്നു.
2004-14 കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ 10 വർഷം നക്സൽ അക്രമ സംഭവങ്ങളിൽ 53 ശതമാനം കുറവുണ്ടായതായും മാവോവാദി അക്രമത്തിൽ മരിച്ചവരുടെ എണ്ണം 6,568ൽനിന്ന് 1990 ആയി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ 153 നക്സലുകളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.