ന്യൂഡൽഹി: ഒരാഴ്ചക്കിടെ 70 വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തിനിടെ അതിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശം അയച്ചത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്ന് വ്യക്തമായി.
@adamlanza1111എന്ന എക്സ് അക്കൗണ്ടിൽ നിന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 46 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. അമേരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ, എയ്ർ ന്യൂ സിലാൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങൾക്കു നേരെയും ഇതേ അക്കൗണ്ടിൽ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കാൻ പ്രതി ശ്രമം നടത്തി. ശനിയാഴ്ച ഉച്ചവരെ ആക്ടീവ് ആയിരുന്ന എക്സ് അക്കൗണ്ട് ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.
ആഭ്യന്തര വിമാന സർവീസുകളായ എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, അകാസ എയ്ർ, അലയൻസ് എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'നിങ്ങളടെ അഞ്ച് വിമാനങ്ങളിൽ ബോംബുകൾ വെച്ചിട്ടുണ്ട്'-എന്ന സന്ദേശമാണ് വിമാനകമ്പനികൾക്ക് ലഭിച്ചത്. പല വിമാനങ്ങളും പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനങ്ങൾക്ക് തുടർച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ ബ്യൂറോ വിമാന കമ്പനി സി.ഇ.ഒമാരുടെ യോഗം വിളിച്ചിരുന്നു.
ആഭ്യന്തര വിമാനകമ്പനികളുടെ സി.ഇ.ഒമാരുടെ യോഗമാണ് വിളിച്ചത്.എയർ ഇന്ത്യ, ഇൻഡിഗോ, ആകാസ, വിസ്താര, സ്പൈസ്ജെറ്റ്, സ്റ്റാർ എയർ, അലൈൻസ് എയർ തുടങ്ങിയ വിമാനകമ്പനികൾക്കെല്ലാം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തിൽ 17കാരൻ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.