ഞായറാഴ്ച ബംഗളൂരുവിൽ 47കാരൻ സ്വയം വെടിവെച്ച് മരിച്ചു. ബി.ജെ.പി എം.എൽ.എ അടക്കമുള്ള ആറുപേരുടെ മാനസിക പീഡനം താങ്ങാനാവാതെയാണ് മരിക്കുന്നതെന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു. തലക്ക് വെടിവെച്ചാണ് മരിച്ചത്. എസ്. പ്രദീപ് എന്നയാളാണ് സ്വയം വെടിവെച്ച് മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ രണ്ടുപേരുടെ പ്രേരണയിൽ ഇയാൾ ബംഗളൂരുവിലെ ഒരു ക്ലബ്ബിൽ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബിൽ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉൾപ്പെടെ എല്ലാ മാസവും മൂന്നു ലക്ഷം രൂപ തിരികെ നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, പണം വാങ്ങിയ ശേഷം ഗോപി, സോമി എന്നിവർ മാസങ്ങളോളം പ്രദീപിനെ പണം തിരികെ നൽകാതെ പറ്റിച്ചതായി കുറിപ്പിൽ പറയുന്നു. പലിശ തിരിച്ചടക്കാൻ പ്രദീപിന് ഒന്നിലധികം വായ്പകൾ എടുക്കേണ്ടി വന്നതായും പണമടക്കാൻ വീടും കൃഷി സ്ഥലവും വിൽക്കേണ്ടി വന്നതായും കുറിപ്പിൽ പറയുന്നു.
പലതവണ അപേക്ഷിച്ചിട്ടും പ്രദീപിന് പണം തിരികെ നൽകിയില്ല. അതിനാൽ പ്രദീപ് വിഷയം ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയെ അറിയിച്ചു. പ്രദീപിന്റെ പണം തിരികെ നൽകാൻ എം.എൽ.എ രണ്ടുപേരുമായി സംസാരിച്ചെങ്കിലും 90 ലക്ഷം രൂപ മാത്രമേ തിരികെ നൽകൂ എന്ന് അവർ പറഞ്ഞതായി അതിൽ പറയുന്നു.
പ്രദീപിന്റെ സഹോദരന്റെ സ്വത്തുക്കൾക്കെതിരെ ഒരു ഡോക്ടർ സിവിൽ കേസ് ഫയൽ ചെയ്യുകയും പ്രദീപിനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും കത്തിൽ കുറ്റപ്പെടുത്തുന്നു. തീവ്രമായ നടപടി സ്വീകരിക്കുന്നതിന് ഉത്തരവാദികളായ ആറ് പേരുടെ പേര് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. പ്രദീപിന്റെ പണം തിരികെ നൽകാത്തവരെ പിന്തുണച്ചുവെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയുടെ പേരും ഇതിൽ ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.