ജയ്പൂർ: രാജസ്ഥാനിൽ ഒറ്റ ദിനം രണ്ടു ദുരന്തങ്ങളിൽ എട്ടു കുട്ടികളുടെ ദാരുണാന്ത്യം സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി. ബിക്കാനീറിലെ ഹിമ്മത്സാഗർ ഗ്രാമത്തിൽ കളിക്കുന്നതിനിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്നറിലുള്ളിലേക്ക് ചാടി ശ്വാസംമുട്ടി അഞ്ചു കുട്ടികളും ഝുൻഝു ജില്ലയിൽ മണ്ണിടിഞ്ഞുവീണ് മൂന്നു കുട്ടികളുമാണ് മരണത്തിന് കീഴടങ്ങിയത്.
ധാന്യം സൂക്ഷിച്ചുവെച്ച കണ്ടെയ്നറിനു സമീപം കളിക്കുകയായിരുന്ന കുട്ടികൾ കളിയുടെ ഭാഗമായി സംഘം ചേർന്ന് അകത്തേക്ക് ചാടുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായാണ് ചാടിയത്. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ് അടഞ്ഞ് ശ്വാസം മുട്ടിയാണ് മരണം. പുറത്തുപോയി ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കുട്ടികളെ കാണാതെ തിരച്ചിൽ തുടങ്ങിയതോടെയാണ് കണ്ടെയ്നർ അടഞ്ഞുകിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയപ്പോൾ ശ്വാസംനിലച്ച് കിടക്കുന്ന കുരുന്നുകളെ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം തട്ടിയെടുത്തു.
നാലു വയസ്സിനും എട്ടു വയസ്സിനുമിടയിലുള്ള കുട്ടികളാണ് മരിച്ച നാലു പേർ. മറ്റൊരു സംഭവത്തിൽ, ഝുൻഝുവിൽ കളിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. മണ്ണുനീക്കി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 വയസ്സിന് താഴെയുള്ളവരാണ് കുട്ടികൾ. ഒരു കുട്ടി പരിക്കുകളോടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.