ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച് പുസ്തകം പുറത്തിറക്കി കോൺഗ്രസ്. "അന്ധകാരത്തിന്‍റെ അഞ്ച് വർഷങ്ങൾ" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന്‍റെ പോരായ്മകളെ തെളിവുകൾ സഹിതം തുറന്നെഴുതിയ പുസ്തകമാണിതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
മണിപ്പൂരിൽ സ്ഥിരത കൊണ്ടുവരുമെന്ന ബി.ജെ.പിയുടെ പ്രസ്താവന പൊള്ളയാണ്. മദ്യത്തോടുള്ള ബി.ജെ.പിയുടെ സീറോ ടോളറൻസ് നയം തമാശയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും, മണിപ്പൂർ തെരഞ്ഞെടുപ്പിലെ എ.ഐ.സി.സി നിരീക്ഷകനുമായ ജയ്റാം രമേശ് പറഞ്ഞു.
അഫ്സ്പ നിയമത്തിനെതിരെ ബി.ജെ.പിയുടെ മൗനത്തേയും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു, നാഗലന്‍ഡിലെ മോൺ ജില്ലയിൽ ഷോപിയാനിൽ മൂന്ന് യുവാക്കളെ തീവ്രവാദികളെന്ന് ആരോപിച്ച് സൈന്യം വധിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിയമം പിൻവലിക്കണമെന്ന് ആവശ്യവുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
ഭരണത്തെ ജനങ്ങളുടെ പടിവാതിൽക്കൽ എത്തിക്കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന മണിപ്പൂരിലെ ജനങ്ങൾക്ക് അപമാനമാണ്. കഴിഞ്ഞ വർഷങ്ങളിൽ സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിലുകളിൽ ഒരു തെരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു. സ്ത്രീകൾക്ക് തൊഴിൽ സംവരണമെന്ന പേരിൽ ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് പ്രകടനപത്രികയിൽ തൊഴിൽ സംവരണത്തിലൂടെ സ്ത്രീകളുടെ തൊഴിലും ശാക്തീകരണവും ഉറപ്പു നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി ഒന്നും നൽകുന്നില്ലെന്നും രമേശ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അഫ്സ്പ നിയമം പിൻവലിക്കുമെന്നും കോൺഗ്രസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
നേരത്തെ മുഖ്യമന്ത്രി എൻ. ബിരൻ സിങിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം വികസനം കൈവരിച്ചെന്നും മയക്കുമരുന്ന് വിപത്തിനെ വിജയകരമായി നേരിട്ടുവെന്നും പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞിരുന്നു. ഫെബ്രുവരി 28, മാർച്ച് 5 തീയതികളിലാണ് മണിപ്പൂരിലെ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.