അഹ്മദാബാദ്: അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14 ന് ഗുജറാത്തിൽ 50,000 ദലിതർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന് ദലിത് സംഘടനയായ സ്വയം സൈനിക് ദൾ. തലസ്ഥാനമായ ഗാന്ധിനഗറിലാണ് ചടങ്ങ് സംഘടിപ്പിക്കുകയെന്ന് മൂക്നായക് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള 50,000 ദലിതർ ഹിന്ദുമതം ഉപേക്ഷിച്ച് ഔപചാരികമായി ബുദ്ധമതം സ്വീകരിക്കും. ഗാന്ധി ഗ്രൗണ്ടിലെ രാമകഥാ മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ദുംഗർപൂരിൽനിന്നുള്ള ആദിവാസി കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇവർ അറിയിച്ചു.
2006ൽ രാജ്‌കോട്ടിൽ 50 ദലിത് സാമൂഹിക പ്രവർത്തകർ ചേർന്ന് സ്ഥാപിച്ച സ്വയം സൈനിക് ദൾ (എസ്.എസ്.ഡി) എന്ന സന്നദ്ധ സംഘടനയാണ് ബഹുജന ദീക്ഷ (ബുദ്ധമതം സ്വീകരിക്കൽ) ചടങ്ങിന് നേതൃത്വം നൽകുന്നത്. പോർബന്തറിലെ അശോക ബുദ്ധ വിഹാറിലെ ബുദ്ധ പുരോഹിതൻ പ്രജ്ഞാ രത്‌ന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ദീക്ഷ നൽകും. 2028-ഓടെ ദലിത് വിഭാഗങ്ങളിൽ നിന്ന് ഒരുകോടി പേർ ബുദ്ധമതം സ്വീകരിക്കുമെന്നാണ് എസ്എസ്ഡിയുടെ അവകാശവാദം.
മതപരിവർത്തനത്തിനായി 15,000ത്തോളം പേർ അതാത് ജില്ലാ കലക്ടർമാരുടെ ഓഫിസുകളിൽ ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. അപേക്ഷകർ പ്രലോഭനമോ പ്രകോപനമോ കൂടാതെ സ്വമേധയാ മതപരിവർത്തനം തെരഞ്ഞെടുക്കുന്നതാണെന്ന് ഉറപ്പാക്കാൻ പൊലീസ് വെരിഫിക്കേഷൻ പുരോഗമിക്കുകയാണ്. തുടർന്ന് മതംമാറുന്നവരുടെ വിശദാംശങ്ങൾ സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.