അസം-മിസോറാം അതിർത്തി സംഘർഷം, ആറ്​ പൊലീസുകാർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിമാർ തമ്മിൽ ട്വിറ്റർ യുദ്ധം

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ്​ അസം പൊലീസുകാർ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെയാണ്​ വിവരം പുറത്തുവിട്ടത്​. സംഭവത്തിൽ മിസോറാം മുഖ്യമന്ത്രി സോറംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടി. അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായും അസമിലെ കാച്ചാർ ജില്ലയ്ക്കും മിസോറാമിലെ കോലാസിബ് ജില്ലയ്ക്കും സമീപം സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അക്രമം നടന്നത്. അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്​തു. സംഭവങ്ങളെ തുടർന്ന്​ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ട്വിറ്ററിൽ ഏറ്റുമുട്ടി. ഇരുവരും അമിത്​ഷായെ അവരുടെ പോസ്റ്റുകളിൽ ടാഗ് ചെയ്തു. അക്രമത്തി​െൻറ വീഡിയോ ട്വീറ്റ് ചെയ്​തുകൊണ്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ അമിത്​ഷായുടെ ഇടപെടൽ തേടി. 'നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്​ടാക്കളും ഗുണ്ടകളും കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും'-അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.

ഇതിന്​ മറുപടിയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ട്വീറ്റ് ചെയ്​തിട്ടുണ്ട്​. 'ബഹുമാനപ്പെട്ട സോറംതംഗ ,കോലാസിബ് (മിസോറം) എസ്​.പി ഞങ്ങളുടെ സ്ഥലത്ത് നിന്ന് പിന്മാറാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സിവിലിയന്മാർ നിർദേശങ്ങൾ കേൾക്കുകയോ അക്രമം തടയുകയോ ചെയ്യുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾക്ക് എങ്ങനെ സർക്കാർ നടത്താനാകും'.

'ഞാൻ മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. അസാം അതിർത്തികൾക്കിടയിൽ സമാധാനവും നിലനിർത്തുമെന്ന് ഞാൻ ആവർത്തിച്ചു. ഐസ്വാൾ സന്ദർശിക്കാനും ആവശ്യമെങ്കിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്​'-അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്​തു. 'ചർച്ച ചെയ്​തതുപോലെ, സിവിലിയന്മാരുടെ സുരക്ഷയ്ക്കായി വൈറംഗെയിൽ നിന്ന് പിന്മാറാൻ അസം പോലീസിന് നിർദേശം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'-ഇതിനുമറുപടിയായി സോറാംതംഗ തിരിച്ചടിച്ചു.

മൂന്ന് മിസോറാം ജില്ലകളായ ഐസ്വാൾ, കോലാസിബ്, മാമിറ്റ് എന്നിവ അസമിലെ കാച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി 164.6 കിലോമീറ്റർ നീളമുള്ള അന്തർ സംസ്ഥാന അതിർത്തി പങ്കിടുന്നുണ്ട്​. അതിർത്തിയിലെ "തർക്ക" പ്രദേശങ്ങളിൽ വർഷങ്ങളായി ഏറ്റുമുട്ടലുകളുണ്ട്. ഇരുവശത്തുമുള്ള താമസക്കാർ പരസ്​പരം നുഴഞ്ഞുകയറ്റവും ആരോപിക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.