ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ വൈവിധ്യം വർധിപ്പിക്കാൻ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) നിരന്തര ശ്രമങ്ങൾ നടത്തുന്നതൊന്നും ഫലം കാണുന്നില്ല. രാജ്യത്തെ സമുന്നത സർക്കാർ ജോലികളിലേക്ക് ജയിച്ചുകയറുന്നവരിൽ ആനുപാതികമല്ലാത്ത അളവിലാണ് എഞ്ചിനീയർമാരുടെ എണ്ണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സിവിൽ സർവിസ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ കൂട്ടത്തിൽ 60 ശതമാനത്തോളമാണ് എഞ്ചിനീയർമാരാണെന്ന് 'ദ പ്രിൻറ്' റിപ്പോർട്ട് ചെയ്തു.
2020ൽ സിവിൽ സർവിസ് യോഗ്യത നേടി മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (എൽ.ബി.എസ്.എൻ.എ.എ) പരിശീലനത്തിനെത്തിയ 428 പേരിൽ 245 പേർ (57.25 ശതമാനം) എഞ്ചിനീയറിങ് പാസായവരാണ്. മറ്റുള്ളവരിൽ എട്ടുപേർ എഞ്ചിനീയറിങ്ങിനൊപ്പം മാനേജ്മെൻറ് യോഗ്യതയുള്ളവരാണ്. ആർട്സ് വിഷയങ്ങളുടെ പശ്ചാത്തലമുള്ളവർ 84 പേർ മാത്രം. അക്കൗണ്ടിങ് കഴിഞ്ഞെത്തിയവർ 19.6 ശതമാനവും.
2019 ബാച്ചിൽ എൽ.ബി.എസ്.എൻ.എ.എയിലെ മൊത്തം 325 സിവിൽ സർവിസ് ട്രെയിനീസിൽ 191 പേർ എഞ്ചിനീയറിങ് ബാക്ഗ്രൗണ്ട് ഉള്ളവരായിരുന്നു. 58.7 ശതമാനം. എഞ്ചിനീയറിങ്ങിനൊപ്പം മാനേജ്മെൻറ് യോഗ്യതയുള്ളവർ 10 പേരും. 52 പേരാണ് ആർട്സ് വിഷയത്തിൽ ഉപരിപഠനം കഴിഞ്ഞെത്തിയവർ -16 ശതമാനം മാത്രം.
2018ൽ മൊത്തം 367 പേരിൽ 57.4 ശതമാനം പേർ എഞ്ചിനീയർമാരായിരുന്നു. 'എഞ്ചിനീയറിങ് ബാക്ഗ്രൗണ്ട് ഉള്ളവർ മേധാവിത്വം പുലർത്തുന്നത് തുടരുകയാണ്. ചിലപ്പോൾ അളവിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എന്നാൽ, എഞ്ചിനീയർമാർ സിവിൽ സർവിസിലേക്ക് വരുന്ന ട്രെൻഡിന് മാറ്റമൊന്നുമില്ല.' -എൽ.ബി.എസ്.എൻ.എ.എ ഡയറക്ടർ സഞ്ജീവ് ചോപ്ര പറയുന്നു.
ഒപ്ഷനൽ സബ്ജക്റ്റായി മാത്തമാറ്റിക്സും ഫിസിക്സുമടക്കമുള്ള ടെക്നിക്കൽ വിഷയങ്ങൾ എടുക്കുന്നവരും സോഷ്യോളജിയും ജ്യോഗ്രഫിയും ഉൾപെടെയുള്ള ഹ്യുമാനിറ്റീസ് വിഷയങ്ങളെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസം 'ക്രമാനുസരണ'മാക്കാൻ യു.പി.എസ്.സി വഴികൾ തേടിയിട്ടും എഞ്ചിനീയറിങ് ബാക്ഗ്രൗണ്ട് ഉള്ളവരുടെ ഒഴുക്ക് തുടരുകയാണ്. മാർക്കിലെ വ്യത്യാസം പരിഹരിക്കാനുള്ള വഴികൾ തേടിയിട്ടും കാര്യമുണ്ടായില്ല. എഞ്ചിനീയറിങ് യോഗ്യതയുള്ളവർ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷയെഴുതി പാസാകുന്നത് പതിവാണിപ്പോൾ. 'മാതൃക ഉത്തരങ്ങൾ' ഹ്യുമാനിറ്റീസ് ബാക്ഗ്രൗണ്ടിൽനിന്ന് വരുന്നവരേക്കാൾ നന്നായി നൽകാൻ കഴിയുന്നത് എഞ്ചിനീയറിങ് ഡിഗ്രി ഉള്ളവർക്കാണ്' -ശ്രീ ചൈതന്യ ഐ.എ.എസ് അക്കാദമിയിലെ ഒരു അധ്യാപകർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.