ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ടുചെയ്തെന്നറിയാൻ വോട്ടുയന്ത്രത്തിനൊപ്പം ഘടിപ്പിച്ച വിവിപാറ്റുകളിൽ (വോട്ടർ വെരിഫയബിൾ പേപർ ഓഡിറ്റ് ട്രയൽ) 6.5 ലക്ഷം യന്ത്രങ്ങൾക്ക് തകരാറുള്ളതായി കണ്ടെത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം തകരാറ് തീർക്കാനായി അവയത്രയും നിർമാണ കമ്പനികളിലേക്ക് തിരിച്ചയച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങളിലും വിവിപാറ്റുകളിലും ജനങ്ങൾക്കുള്ള ആശങ്കയേറ്റുന്നതാണ് കേടായ വിവിപാറ്റുകൾ തിരിച്ചുവിളിച്ച സംഭവമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
നവീകരിച്ച മോഡലെന്ന് പറഞ്ഞ് കമീഷൻ 2018ൽ പുറത്തിറക്കുകയും തുടർന്നു വന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഉപയോഗിക്കുകയും ചെയ്ത ‘എം 3-വിവിപാറ്റു’കളിലാണ് തകരാറുണ്ടെന്ന് കണ്ടെത്തിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിച്ച വിവിപാറ്റുകളിൽ 33 ശതമാനത്തിലും തകരാറ് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചയച്ചവയിൽ 2.2 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളുടെ പ്രിന്റഡ് സർക്യൂട്ട് ബോഡ് മാറ്റാനുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
കേടായ ‘എം 3-വിവിപാറ്റു’കൾ നിർമാതാക്കൾക്ക് തിരിച്ചയക്കണമെന്ന് 2022 ജനുവരിയിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമീഷൻ നിർദേശം നൽകിയിരുന്നു. ഇത് പ്രകാരം 3,43,741 വിവിപാറ്റുകൾ ബംഗളൂരുവിലെയും പഞ്ച്കുളയിലെയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ), ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ(ഇ.സി.ഐ.എൽ) എന്നിവിടങ്ങളിലേക്ക് 2022 ഫെബ്രുവരിക്കും ആഗസ്റ്റിനുമിടയിൽ മാത്രം തിരിച്ചയച്ചിട്ടുണ്ട്. 33 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തകരാറ് പരിഹരിക്കാൻ അയച്ചവയിൽ 74 ശതമാനവും ഏഴ് സംസ്ഥാനങ്ങളിൽനിന്നുള്ളതാണ്. ഉത്തർപ്രദേശിൽ 60,726, പശ്ചിമ ബംഗാളിൽ 76,151, തമിഴ്നാട്ടിൽ 39,139, മധ്യപ്രദേശിൽ 28,886, അസമിൽ 22,436, ഹരിയാനയിൽ 13,807 എന്നിങ്ങനെയാണ് തകരാറുള്ള വിവിപാറ്റുകളുടെ കണക്ക്.
17.4 ലക്ഷം വിവിപാറ്റുകളാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നത്. ഇവയിൽ അഞ്ചു ശതമാനം തീർത്തും ഉപയോഗയോഗ്യമല്ലാതായിട്ടുണ്ട്. ഒരു വിവിപാറ്റിൽ പ്രാഥമിക പരിശോധനയിൽ തകരാറ് കണ്ടെത്തിയാൽ ഒരാഴ്ചക്കകം അവ നിർമാതാക്കൾക്ക് തിരിച്ചയക്കണമെന്നാണ് വ്യവസ്ഥ എങ്കിലും 6.5 ലക്ഷം വിവിപാറ്റുകളുടെ കാര്യത്തിൽ അതുണ്ടായില്ല. സുതാര്യത അവകാശപ്പെടുന്ന കമീഷൻ ഇത്രയും വിവിപാറ്റുകൾ തകരാറ് കാരണം തിരിച്ചയച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികളോട് വ്യക്തമാക്കിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.