ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ65.92 ശതമാനം പോളിങ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പ് കാലത്ത് എട്ടിന് തുടങ്ങി. ആദ്യ മണിക്കൂറിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ശൈത്യകാലം തുടങ്ങിയതിനാൽ വെയിലെത്തിയതോടെയാണ് ആലസ്യം വിട്ട് പോളിങ് ബൂത്തുകൾ ഉണർന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും ഒരുപോലെ വിജയപ്രതീക്ഷയർപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്.
കാലത്ത് ഒമ്പതു മണിക്ക് അഞ്ചു ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയത് 11 മണിയായപ്പോൾ 19.98 ആയി ഉയർന്നു. വൈകീട്ട് മൂന്ന് 55.65 ആയിരുന്നു ശതമാനം. സിർമോർ ജില്ലിയിലാണ് ഏറ്റവും ഉയർന്ന പോളിങ്-72.35 ശതമാനം. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള സ്പിതിയിൽ ഉച്ച ഒരുമണിയായപ്പോഴും 21.95 ശതമാനമായിരുന്നു.പിന്നീട് ഉയർന്നു.
മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ജനവിധി തേടിയ മാണ്ഡി ജില്ലയിലെ സെറാജ് മണ്ഡലത്തിൽ 74ശതമാനം പോളിങ് രേഖപ്പെടുത്തി. ക്ഷേത്രദർശന ശേഷം ഭാര്യക്കും പെൺമക്കൾക്കുമൊപ്പമാണ് മുഖ്യമന്ത്രി മാണ്ഡിയിൽ വോട്ടു ചെയ്തത്. ഹിമാചൽ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് പ്രതിഭ സിങും മകൻ വിക്രമാദിത്യ സിങ്ങും റാംപുരിൽ വോട്ടുചെയ്തു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ കുടുംബത്തിനൊപ്പം ബിലാസ്പുരിൽ വോട്ടുചെയ്തു.
105 വയസുള്ള നാരോ ദേവി ചംബയിലെ ചുരായിലും 103 വയസുള്ള സർദാർ പ്യാർ സിങ് ഷിംലയിലും വോട്ടു ചെയ്തു. ഹിമാചലിൽ 80 വയസിനു മുകളിൽ പ്രായമുള്ള 1.21ലക്ഷം പേരുണ്ട്. ഇതിൽ 1,136 പേർ 100 കടന്നവരാണ്. മുതിർന്നവർക്ക് േപാളിങ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
ആകെയുള്ള 68 മണ്ഡലങ്ങളിൽ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്, ബി.ജെ.പി മുൻ അധ്യക്ഷൻ സത്പാൽ സിങ് സത്തി തുടങ്ങിയവർ ഉൾപ്പെടെ 412 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.