മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാരെങ്കിലും പാർട്ടി നിർദേശം ലംഘിച്ച്, മഹായുതി സഖ്യത്തിലെ സ്ഥാനാർഥികൾക്ക് ക്രോസ് വോട്ട് ചെയ്തതായി ഫലങ്ങൾ വ്യക്തമാക്കുന്നു. 37 എം.എൽ.എ.മാരാണ് കോൺഗ്രസിനുള്ളത്. പാർട്ടി സ്ഥാനാർഥി പ്രദൈന സതവിന് 30 മുൻഗണന വോട്ടുകൾ നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന ഏഴുവോട്ടുകൾ സഖ്യകക്ഷിയായ ശിവസേനയുടെ (ഉദ്ധവ് വിഭാഗം) സ്ഥാനാർഥി മിലിന്ദ് നർവേക്കറിനാണെന്നും പാർട്ടി അറിയിച്ചിരുന്നു.
എന്നാൽ, പ്രദൈന സതവിന് 25, നർവേക്കറിന് 22 എന്നിങ്ങനെയാണ് മുൻഗണന വോട്ടുകൾ ലഭിച്ചത്. അതായത് ഏഴ് കോൺഗ്രസ് എം.എൽ.എ.മാരെങ്കിലും ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. ബി.ജെ.പി, ശിവസേന, എൻ.സി.പി. എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും വിജയിച്ചപ്പോൾ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പി. പിന്തുണച്ച പെസന്‍റ്സ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയുടെ (പി.ഡബ്ല്യു.പി) ജയന്ത് പാട്ടീൽ പരാജയപ്പെട്ടു.
എം.എൽ.എമാരുടെ കൂറുമാറ്റം ഭയന്ന് പ്രമുഖ കക്ഷികൾ അംഗങ്ങളെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. അജിത് പവാർ ക്യാമ്പിൽനിന്ന് ചിലർ കൂറുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പാർട്ടി നിർത്തിയ രണ്ടുസ്ഥാനാർഥികളും വിജയിച്ചു. ഉദ്ധവ് വിഭാഗം ശിവസേന മത്സരിപ്പിച്ച മിലിന്ദ് നർവേക്കർ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പ്രദൈന സത്‌വയും വിജയിച്ചു. പങ്കജ മുണ്ടെ ഉൾപ്പെടെ ബി.ജെ.പിയുടെ അഞ്ചുസ്ഥാനാർഥികളും വിജയിച്ചു.
ശിവസേന (ഷിൻഡെ) വിഭാഗത്തിൽനിന്ന് ഭാവന ഗാവ്‌ലിയും കൃപാൽ തുമ്‌നയും വിജയിച്ചു. അജിത്പവാർ വിഭാഗത്തിൽനിന്ന് ശിവാജി റാവു ഗാർജെയും രാജേഷ് വിതേകറും വിജയിച്ചവരിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വോട്ട് മറിഞ്ഞത് പ്രതിപക്ഷത്ത് ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് നവംബറിലാകും തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.