ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80ൽ നിന്നും 75 ആയി നിശ്ചയിക്കാൻ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. പദവികള്‍ വഹിക്കുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവുനല്‍കാമെന്ന വ്യവസ്ഥയില്‍ പിണറായി വിജയൻ കേന്ദ്ര കമ്മിറ്റിയില്‍ തുടരും.
നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ പിണറായി വിജയനും എസ്. രാമചന്ദ്രന് പിള്ളയുമാണ് 75 വയസ്സ് പിന്നിട്ടവര്‍.
ശനിയാഴ്ച ആരംഭിച്ച മൂന്നു ദിവസം നീണ്ട കേന്ദ്ര കമ്മിറ്റി യോഗത്തിൽ മന്ത്രിസഭയിൽനിന്നും കെ.െക. ശൈലജ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയത് ചർച്ച ചെയ്തു. ഇക്കാര്യത്തിൽ പാര്‍ട്ടി നയത്തിന് ജനം അംഗീകാരം നൽകിയെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവേ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ അധികാരത്തുടർച്ചക്ക് കാരണം മുന്‍ സര്‍ക്കാറിെൻറ പ്രവര്‍ത്തന മികവില്‍ ജനം വിശ്വാസം അര്‍പ്പിച്ചതാണ്. പ്രളയവും കോവിഡും കൈകാര്യം ചെയ്ത സര്‍ക്കാറിെൻറ മികവിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽനിന്നു പാഠം ഉള്‍ക്കൊണ്ട് ബംഗാൾ ഘടകം തെറ്റുതിരുത്തല്‍ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകളുടെ പങ്ക് ഉയര്‍ത്തിക്കാട്ടി സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം വിപുലമായി ആഘോഷിക്കും. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് നിര്‍ണായകമാണ്. സ്വാതന്ത്ര്യസമര കാലത്ത് ആർ.എസ്.എസും സമാന സംഘടനകളും ബ്രിട്ടീഷുകാരോട് ഐക്യപ്പെട്ടു പ്രവര്‍ത്തിച്ചവരാണ്. ഇന്ന് അവര്‍ ഇന്ത്യയുടെ ഭരണഘടനാപരമായ മതേതരത്വവും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
കോവിഡ് പ്രതിരോധം ഊര്‍ജിതപ്പെടുത്തുന്നതിന് ആഗോളതലത്തില്‍ വാക്സിന് സംഭരിച്ച് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത സാമ്പത്തിക രംഗത്തെ താളം തെറ്റിച്ചു. പെഗസസും കര്‍ഷക വിഷയവും പാര്‍ലമെൻറിൽ ചര്‍ച്ചചെയ്യാന്‍ തയാറാകാതെ കേന്ദ്ര സര്‍ക്കാര്‍ കേവല ജനാധിപത്യ മര്യാദപോലും കാണിക്കുന്നില്ല. ചാരവൃത്തി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതാധികാര സമിതി അന്വേഷണം നടത്തണം. വനിത ഹോക്കി ടീം അംഗം വന്ദന കട്ടാരിയയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ കര്‍ശന നടപടി സീകരിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.