മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് നടത്തിയ സർവേയിൽ 81ശതമാനം രക്ഷിതാക്കളും കുട്ടികളെ സ്കൂളിലയക്കാൻ തയാറാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. സുരക്ഷിതമായി സ്കൂളുകൾ തുറക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നിരിക്കേ തങ്ങളെ കൂടി സർവേയിൽ പരിഗണിക്കേണ്ടതായിരുന്നുവെന്ന് പരാതിപ്പെട്ടിരിക്കുകയാണ് അധ്യാപകരും സ്കൂൾ അധികാരികളും.
ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ പ്രതികരണമാണ് സർവേക്ക് ലഭിച്ചത്. എന്നാൽ ഇതിൽ തങ്ങളുടെ അഭിപ്രായവും ആശങ്കകളും ഉൾപെടുത്താനായില്ലെന്നാണ് അധ്യാപകരും സ്കൂൾ മാനേജ്മെന്റുകളും വ്യക്തമാക്കുന്നത്.
'സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും കൂടി സർവേയിൽ ഉൾപെടുത്തേണ്ടതായിരുന്നു. സുരക്ഷിതമായി സ്കൂളുകൾ തുറക്കേണ്ടത് അത്യന്തികമായി അവരുടെ ഉത്തരവാദിത്വമാണല്ലോ. ഹാൻഡ് സാനിറ്റെസർ, തെർമോ മീറ്റർ, ഓക്സിമീറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളുകൾക്ക് ഫണ്ട് ആവശ്യമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ സ്കൂളുകൾ തുറന്നപ്പോൾ സർക്കാർ ധനസഹായം ചെയ്തിരുന്നു. എന്നാൽ അത്തരത്തിൽ ഒരു കാര്യവും ഇപ്പോൾ നടക്കുന്നില്ല' -മുംബൈ സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ സെക്രട്ടറി പാണ്ഡുരംഗ് കെങ്കാർ പറഞ്ഞു.
അധ്യാപകർക്ക് മുഴുവനായും വാക്സിൻ നൽകിയിട്ടില്ലെന്നും ദൂരദിക്കുകളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന അധ്യാപകർക്കും കുട്ടികൾക്കും മതിയായ യാത്ര സൗകര്യങ്ങളും ലഭ്യമല്ലെന്നും മഹാരാഷ്ട്ര രാജ്യ ശിക്ഷക് പരിഷദിന്‍റെ ശിവാനന്ദ് ദരാഡെ പറഞ്ഞു. സുരക്ഷക്കായിരിക്കണം പ്രഥമ പരിഗണനയെന്നും സർവേ അടിസ്ഥാനമാക്കിയല്ല മറിച്ച് എല്ലാ മേഖലയിലെയും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമാകണം സ്കൂളുകൾ തുറക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ വീട്ടിൽ അടക്കി നിർത്താൻ പ്രയാസപ്പെടുന്നതിനാൽ തന്നെ റെഗുലർ ക്ലാസുകൾ തുടങ്ങുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂവെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗ സാധ്യതകൾ മുന്നിലുള്ളതിനാൽ സ്കൂളുകൾ തുറക്കുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തിൽ അവർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് രക്ഷിതാക്കളുടെ അഭിപ്രായം അറിയാൻ എസ്.സി.ഇ.ആർ.ടി ഓൺലൈൻ സർവേ സംഘടിപ്പിച്ചത്. ഏഴ് ലക്ഷത്തോളം പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ മൂന്നര ലക്ഷം പേർ നഗരപ്രദേശത്ത് താമസിക്കുന്നവരാണ്. ഗ്രാമത്തിൽ നിന്നുള്ള 2.4 ലക്ഷം രക്ഷിതാക്കളും സർവേയോട് പ്രതികരിച്ചു. അർധ-നഗര മേഖലകളിൽ നിന്നുള്ള 86000 രക്ഷിതാക്കളും വിഷയത്തിൽ അഭിപ്രായം പറഞ്ഞു.
മുംബൈയിൽ നിന്ന് 1,10,193 പേരും താനെയിൽ നിന്ന് 39,221 പേരും പാൽഗറിൽ നിന്ന് 23,339 പേരും സർവേയിൽ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത 6,90,820 രക്ഷിതാക്കളിൽ 5,60,818 പേരും കുട്ടികളെ സ്കൂളിലയക്കാൻ സമ്മതമാണെന്ന് അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷമുള്ളത് ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് (2,86,990).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.