ജോധ്പുർ സംഘർഷം:141 പേർ അറസ്റ്റിൽ

ജയ്പുർ: ഈദ് ആഘോഷത്തിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതിനെച്ചൊല്ലി ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 141 പേർ അറസ്റ്റിലായി. രണ്ടാം ദിവസമായ ബുധനാഴ്ചയും കർഫ്യൂ തുടർന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീ സ് അറിയിച്ചു.

ക്രമസമാധാനപാലനത്തിന് ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ജോധ്പുരിൽ 141 പേരെ അറസ്റ്റ് ചെയ്തതായും 12 കേസുകൾ എടുത്തതായും ഡി.ജി.പി എം.എൽ ലാതർ പറഞ്ഞു. അക്രമത്തിൽ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ മണ്ഡലമായ ജോധ്പുരിലെ ജലോരി ഗേറ്റ് സർക്കിളിൽ ഈദിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അർധരാത്രിയാണ് സംഘർഷവും കല്ലേറുമുണ്ടായത്. ഇതിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ബന്തവസ്സിൽ ചൊവ്വാഴ്ച പുലർച്ചെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും ജലോരി ഗേറ്റ് സർക്കിളിന് സമീപമുള്ള ഈദ്ഗാഹിൽ പ്രാർഥനക്ക് ശേഷം രാവിലെ വീണ്ടും സംഘർഷം രൂക്ഷമായി. ജലോരി ഗേറ്റ് പരിസരത്ത് കടകൾക്കും വാഹനങ്ങൾക്കും വീടുകൾക്കും നേരെ കല്ലേറുണ്ടായി.

ജനങ്ങളോട് സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിച്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മന്ത്രിമാരായ രാജേന്ദ്ര യാദവിനെയും സുഭാഷ് ഗാർഗിനെയും ജോധ്പുരിലേക്ക് വിട്ടു. സംഘർഷം ഗെഹ് ലോട്ടും ബി.ജെ.പിയും തമ്മിൽ വാക്‌പോരിനും കാരണമായി. ബി.ജെ.പി ഹൈകമാൻഡിന്റെ ഉത്തരവനുസരിച്ചാണ് കലാപമെന്ന് ബുധനാഴ്ച ഗെഹ് ലോട്ട് ആരോപിച്ചു. സമാധാനം ദഹിക്കാത്തതിനാൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാറിന്റെ രക്ഷാകർതൃത്വത്തിലാണ് സംഘർഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ആരോപിച്ചു. കലാപകാരികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജലോരി ഗേറ്റ് സർക്കിളിൽ ധർണ നടത്തുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അറിയിച്ചു.

Tags:    
News Summary - 97 Arrested After Clashes On Eid In Jodhpur, Curfew Remains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.