ന്യൂഡൽഹി: വനിതാ രാഷ്ട്രീയപ്രവർത്തകയുടെ വ്യക്തിത്വം പാർട്ടിയിൽ അംഗീകരിക്കപ്പെടുന്നുണ്ടോ? ഇല്ലെന്ന തുറന്നുപറച്ചിലോടെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എഴുതിയ പുസ്തകം പാർട്ടിയിലും പുറത്തും സജീവ ചർച്ചയിൽ.
മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റെ ജീവിതസഖിയാണ് ബൃന്ദ. ഇരുവരും പതിറ്റാണ്ടുകളായി സി.പി.എമ്മിന്റെ ദേശീയ നേതൃമുഖങ്ങളാണ്. എന്നാൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ, കാരാട്ടിന്റെ ഭാര്യ മാത്രമാക്കി കണ്ടുവെന്നാണ് ബൃന്ദ ‘ആൻ എജുക്കേഷൻ ഫോർ റീത’ എന്ന പുസ്തകത്തിൽ പറഞ്ഞുവെച്ചത്. രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം ശക്തമായി പ്രതിഫലിച്ചുവെന്നും അവർ പറയുന്നു.
വിഷയം ചർച്ചയായതോടെ, തന്റെ വാക്കുകൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നുവെന്ന് ബൃന്ദ പ്രതികരിച്ചു. സംഘാടക എന്നനിലയിലും വനിതാ സംഘടനകളുടെ കൂട്ടായ്മക്കുവേണ്ടിയും പ്രവർത്തിച്ച് തനതായ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതിനിടയിൽ ഒരു യുവ വനിത നേരിട്ട അനുഭവങ്ങളാണ് പുസ്തകത്തിൽ താൻ വിവരിക്കുന്നത്. കാരാട്ടിന്റെ ഭാര്യ മാത്രമായി പാർട്ടി തന്നെ കണ്ടുവെന്ന് പറഞ്ഞിട്ടില്ല -ബൃന്ദ വിശദീകരിക്കുന്നു.
1985 വരെയുള്ള 10 വർഷത്തെ ജീവിതമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പാർട്ടിയുടെ യുവപ്രവർത്തകയായിരുന്ന കാലത്ത് തന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തു വായിക്കപ്പെടുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല.
മറ്റു പരിഗണനകളില്ലാതെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, ദേശീയ തലത്തിൽ കൂടുതൽ ചുമതലകളിലേക്ക് വന്നപ്പോൾ കമ്യൂണിസ്റ്റ്, വനിത, പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങളേക്കാൾ കാരാട്ടിന്റെ ഭാര്യയെന്ന വിശേഷണമാണ് കേട്ടത്. രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ അത് കൂടുതലായെന്നും ബൃന്ദ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.