കർണാടകയിൽ കോൺഗ്രസ് ജയിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന് കരുത്താകും

ദേശീയ രാഷ്ട്രീയത്തിൽ വലിയ സൂചനകൾ നൽകുന്നുണ്ട് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. ഒന്ന്, കർണാടകയിൽ കോൺ​ഗ്രസ് ജയം പിടിച്ചെടുത്താൽ അത് പാർട്ടിയെ മാത്രമല്ല, മൊത്തം പ്രതിപക്ഷ ഐക്യത്തെയും ത്വരിതപ്പെടുത്തുന്നതാകും. മാസങ്ങളായി, വിശിഷ്യാ രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയശേഷം ഐക്യ ശ്രമങ്ങൾ ഊർജിതമാണ്. ജാതി സെൻസസ് വിഷയത്തിൽ നിരവധി പ്രാദേശിക കക്ഷികൾ പരസ്പര സഹകരണവുമായി നേരത്തെ രംഗത്തുണ്ട്.

കർണാടകയിൽ ഏറെയായി പ്രാദേശിക ജാതി സംസ്കാരം നിലനിൽക്കുന്നതാണ്. മഠങ്ങളാണ് ഇവ വളർത്തിക്കൊണ്ടുവരുന്നത്. ഈ മഠങ്ങളിൽ സ്വാധീനം ചെലുത്തലോ നുഴഞ്ഞുകയറ്റമോ ഹിന്ദുത്വ ശക്തികൾക്ക് സാധ്യമാണെന്ന് തോന്നുന്നില്ല. വലിയ സ്വാധീനമുള്ള ലിംഗായത്ത്, വോക്കലിഗ സമുദായങ്ങൾ നിയന്ത്രിക്കുന്ന മഠങ്ങൾ കുറെ​ക്കൂടി രാഷ്ട്രീയ നിയന്ത്രണത്തിന് ശ്രമിക്കുന്നതാണ് പുതിയ ചിത്രം. അവരുടെ മനസ്സ് ഒരു നിലക്കും ഹിന്ദുത്വ കാഴ്ചപ്പാടിനൊപ്പമല്ല. ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ടിപ്പു സുൽത്താനെ രണ്ട് വോക്കലിഗ റിബലുകൾ കൊലപ്പെടുത്തിയെന്ന പുതിയ കഥ ചമച്ച് ചരിത്രം മാറ്റിയെഴുതാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങളെ പ്രമുഖ വോക്കലിഗ മഠം നിരാകരിച്ചത് ഉദാഹരണം. മുതിർന്ന ബി.ജെ.പി എം.എൽ.എക്ക് ഇതേ വിഷയം അവതരിപ്പിക്കുന്ന സിനിമ പദ്ധതി മാറ്റിവെക്കേണ്ടിവന്നത് സംഭവത്തിന്റെ ബാക്കിപത്രം. നൂറ്റാണ്ടുകളായി മുസ്‍ലിംകളും വോക്കലിഗകളും സൗഹാർദത്തോടെ കഴിഞ്ഞുവന്നവരാണെന്നും വ്യാജ ചരിത്രം മെനഞ്ഞ് അത് തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവർ നയം വ്യക്തമാക്കിയത്.

12ാം നൂറ്റാണ്ടി​ൽ ബ്രാഹ്മണാധിപത്യ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി രൂപമെടുത്ത ലിംഗായത്ത് മഠങ്ങളും ഹിന്ദുത്വക്കെതിരാണ്. ബി.എസ് യെദിയൂരപ്പ, ജഗദീഷ്​ ഷെട്ടാർ, ലക്ഷ്മൺ സാവഡി തുടങ്ങിയ പ്രമുഖ ലിംഗായത്ത് നേതാക്കൾ പാർട്ടിയുമായി അധികാരം പങ്കുവെക്കുന്ന കരാറുകളിൽ നേരത്തെ ഏർപ്പെട്ടിട്ടുണ്ടാകാം. ഇതിൽ ഷെട്ടാറിനെയും സാവഡിയെയും ബി.ജെ.പി നേതൃത്വം മാറ്റിനിർത്തിക്കഴിഞ്ഞു. ലിംഗായത്ത് വോട്ടുകളിൽ കണ്ണ് നട്ട് മനസ്സില്ലാ മനസ്സോടെ യെദിയൂരപ്പയെ ഇപ്പോഴും നിലനിർത്തുന്നുണ്ട്. എന്നാൽ, ഘട്ടംഘട്ടമായി ലിംഗായത്ത് നേതാക്കളെ ഒതുക്കി പകരം വിശാല ഹിന്ദുത്വ വോട്ടുബാങ്ക് സൃഷ്ടിച്ചെടുക്കാനാകുന്ന നേതൃനിര വളർത്തിയെടുക്കണമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. യെദിയൂരപ്പയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു ഇവിടെയാണ്. മുസ്‍ലിം സമുദായവുമായി മികച്ച ബന്ധം നിലനിർത്തണമെന്നും യെദിയൂരപ്പ ആഗ്രഹിക്കുന്നു. ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷാധിപത്യ സമീപനത്തിനൊപ്പം നിൽക്കാനും അദ്ദേഹമില്ല. അതുകൊണ്ട് തന്നെ, ചരിത്രപരമായി ബ്രാഹ്മാണാധിപത്യ വിരുദ്ധ സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായി ഉയിരെടുത്ത ഇത്തരം പ്രാദേശിക ജാതി- മത സമന്വിത സംസ്കാരങ്ങൾക്കെതിരെയാണ് ഹിന്ദുത്വയുടെ നിലപാട്.

​നരേന്ദ്ര മോദിയെയും അമിത് ഷായെയും മുന്നിൽനിർത്തി ഈ സാമൂഹിക ചരിത്രം മാറ്റിയെഴുതാൻ തീർച്ചയായും ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല.

ഓൾഡ് മൈസൂരു, ചിക്കമംഗലൂരു, ഹാസൻ, ശിവമൊഗ്ഗ, ഹുബ്ബള്ളി എന്നിവിടങ്ങളിലൊക്കെയും ഞാൻ നടത്തിയ പര്യടനനത്തിലെവിടെയും ഹിജാബ്, ലവ് ജിഹാദ്, ഏക സിവിൽ കോഡ്, എൻ.ആർ.സി പോലുള്ള വിഷയങ്ങൾ ഞാൻ ​കേട്ടില്ല. ബി.ജെ.പി പ്രകടനപത്രികയിൽ കാര്യമായി ഇടംപിടിച്ചവയാണ് ഇവയെല്ലാം. വിശാലാർഥത്തിൽ ജനങ്ങളെ ബാധിക്കുന്നതല്ല ഇവയൊന്നും. അവിടങ്ങളിൽ രാഷ്ട്രീയക്കാർ പോലും ഇതൊന്നുമല്ല സംസാരിക്കുന്നത്.

എന്നാൽ, തീർച്ചയായും തീരദേശ കർണാടകയിൽ (മംഗലൂരു- ഉഡുപ്പി മേഖല) ഹിന്ദുത്വ രാഷ്ട്രീയം ഏറ്റുപിടിക്കാൻ ആളുണ്ട്. മറ്റിടങ്ങളിൽ പ്രാദേശിക ജാതി സംസ്കാരം തന്നെ മുഖ്യം. ജാതി സെൻസസ് വേണമെന്ന പ്രതിപക്ഷ ആവശ്യവുമായി ശരിക്കും ചേർന്നുനിൽക്കുന്നതാണ് ഈ മനസ്സ്. ഭരണവിരുദ്ധ മനസ്സ് വോട്ടാക്കി മാറ്റുന്നതിൽ കോൺഗ്രസ് വിജയം കണ്ടാൽ ഹിന്ദുത്വക്കെതിരെ പൊതുവായ പ്രതിപക്ഷ നീക്കത്തിന് ഇത് ശക്തി പകരും. കുറെ​ക്കൂടി യുക്തിസഹമായ, തുല്യത പങ്കുവെക്കുന്ന, ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം വേരുറപ്പിക്കുകയും അതുവഴി സംവരണം എല്ലാ ജാതികളെയും ഉൾക്കൊള്ളുന്നതാകുകയും ചെയ്യും.

കർണാടകയിൽ ബി.ജെ.പി പ്രതിച്ഛായയെ അവമതിക്കുന്ന മറ്റൊരു ഘടകം സംസ്ഥാനത്തെ അഴിമതിക്കണക്കുകളാണ്. എവിടെയും അഴിമതി വിഷയമാണ്. എന്നാൽ, 40 ശതമാനം സർക്കാര’ എന്ന മുദ്രാവാക്യത്തിൽ വരെയെത്തിച്ച കർണാടകയിലെ വ്യാപക അഴിമതി സംസ്ഥാനത്ത് മാത്രമല്ല, ദേശീയാടിസ്ഥാനത്തിലും ബി.ജെ.പി പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പോന്നതാണ്. ‘‘നാ ഖാഊംഗ, ന ഖാന ദൂംഗ എന്ന മോദിജിയുടെ വാഗ്ദാനം എവിടെ?’ എന്ന് സിദ്ധരാമയ്യ ചോദിക്കുന്നു. സംസ്ഥാനത്ത് മോദി പ്രചാരണത്തിരക്കിലാണെങ്കിലും ‘40% സർക്കാര’’ ആരോപണം ഖണ്ഡിക്കാൻ ഒരിക്കൽ പോലും ശ്രമം നടത്തിയിട്ടില്ല.

ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തിൽ ക്രമേണ വിള്ളൽ വീഴുകയാണ്. 2024 ആകുമ്പോഴേക്ക് കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോകുമെന്നതാണ് സ്ഥിതി.

ലളിതമായി പറഞ്ഞാൽ, 2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തിന് ഏറെ നൽകാൻ ശേഷിയുള്ളതാണ് കർണാടക. അതുപക്ഷേ, മികച്ച വിജയം പിടിച്ചാൽ മാത്രം. 

(thewire.in’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം)

Tags:    
News Summary - A Congress Win in Karnataka Can Spur Opposition Unity for Lok Sabha Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.