ന്യൂഡല്‍ഹി: ആധാര്‍ ചട്ടലംഘനത്തിന് ഒരു കോടി രൂപ വരെ പിഴ ഈടാക്കാന്‍ സവിശേഷ തിരിച്ചറിയൽ അതോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) അധികാരം നൽകി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് യു.ഐ.ഡി.എ.ഐ(പിഴചുമത്തല്‍) നിയമം 2021 കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2019ല്‍ പാര്‍ലമെൻറ് പാസാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നവംബർ രണ്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനുമായി കേന്ദ്ര സര്‍ക്കാറിലെ ജോ.സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. നിയമം, മാനേജ്മെൻറ്, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വര്‍ഷത്തെ പരിചയവും 10വർഷം സർവിസും ഉള്ളവരെയാണ് നിയമിക്കുന്നത്. ആധാര്‍ ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ പ്രസ്തുത ഉദ്യോഗസ്ഥന് തെളിവ് ശേഖരണത്തിനുൾപ്പെടെ ആരെ വേണമെങ്കിലും വിളിച്ചു വരുത്താനുള്ള അധികാരം നൽകും. പിഴ അടക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാൻ നിര്‍ദേശിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പിഴയായി ഈടാക്കുന്ന തുക യു.ഐ.ഡി.എ.ഐ ഫണ്ടില്‍ നിക്ഷേപിക്കും.
പരാതി പരിഹാര തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ടെലികോം തര്ക്കപരിഹാരസമിതിയെയോ അപ്പലേറ്റ് ട്രൈബ്യൂണലിനെയോ സമീപിക്കാം. നിയമലംഘനം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുറ്റാരോപിതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ലംഘനം എന്താണെന്ന് നോട്ടീസില്‍ വിശദീകരിക്കണം. ചുമത്താവുന്ന പരമാവധി പിഴത്തുകയും ഇതില്‍ വ്യക്തമാക്കണം. കാരണം കാണിക്കല്‍ നോട്ടീസിനു നല്കിയ മറുപടിയില്‍ ചട്ടലംഘനം നടത്തി എന്നു സമ്മതിച്ചിട്ടുണ്ടെങ്കില്‍ വിചാരണ നടപടികൾ ആവശ്യമില്ലാതെ പിഴ ചുമത്താം.
വ്യക്തിയോ സ്ഥാപനമോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിൽ തിരിച്ചറിയൽ അതോറിറ്റി അധികൃതരുടെ വാദം കേട്ട് പരാതി പരിഹാര ഉദ്യോഗസ്ഥന് കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്താം.
ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന സി.ഐ.ഡി.ആറിൽ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നത് 10 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്. സി.ഐ.ഡി.ആര് വിവരങ്ങള്‍ നശിപ്പിച്ചാല്‍ 10 വര്‍ഷം തടവും 10,000 രൂപ പി ഴയുമാണ് ശിക്ഷ.
മറ്റൊരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് മൂന്നു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. തെറ്റായ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാലും മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആധാറിനെന്ന വ്യാജേന വിവരങ്ങള്‍ ശേഖരിക്കുന്ന വ്യക്തികള്‍ക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തും. ഇതേ തട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.