മധുര: തമിഴ്നാട്ടുകാരൂടെ മൊബൈൽ ഫോണിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി ഓടുന്നുണ്ട്. സാധാരണ വേഷം ധരിച്ച ഒരു ജയിൽ ഉദ്യോഗസ്ഥനെ നടുറോഡിൽ ഒരു പെൺകുട്ടി ചെരുപ്പൂരി തല്ലുന്ന ദൃശ്യം. മധുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് ജയിലറായി ജോലി ചെയ്യുന്ന ബാലഗുരുസ്വാമിക്കാണ് നടുറോഡിൽ പെൺകുട്ടിയുടെ തല്ലുകിട്ടിയത്. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് നടുറോഡിൽ തന്നെ തിരിച്ചുകൊടുത്ത മറുപടിയാണ് ഈ വൈറൽ വീഡിയോ.
മുമ്പ് സെൻട്രൽ ജയിലിൽ തടവുകാരനായിരുന്ന ഒരാൾ ബൈപാസ് റോഡിൽ ഒരു ഹോട്ടൽ നടത്തുന്നുണ്ട്. ബാലഗുരു സ്വാമി പതിവായി ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഹോട്ടലുടമക്ക് രണ്ട് പെൺമക്കളുണ്ട്. അവർ വിവാഹിതരും പെൺമക്കൾ ഉള്ളവരുമാണ്. അടുത്തുള്ള സ്കൂളിലാണ് ഈ പെൺകുട്ടികൾ പഠിക്കുന്നത്. എല്ലാവരും താമസിക്കുന്നതും ഇതേ ഹോട്ടലിൽ തന്നെ. കുറച്ചുദിവസം മുമ്പ് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ബാലഗുരു സ്വാമി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുതെന്ന് ഹോട്ടൽ ഉടമയുടെ പേരക്കുട്ടിയോടു പറയുകയുണ്ടായി. അതിനു ശേഷം ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും പതിവായി. പെൺകുട്ടി വീട്ടുകാരെ വിവരം ധരിപ്പിച്ചു. അടുത്ത ദിവസം താൻ വിളിക്കുന്നിടത്തേക്ക് വരാൻ ജയിലർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതറിഞ്ഞ ഹോട്ടലുടമയും 30 വയസ്സുള്ള മകൾ സിദ്ധിയും കൂടി അയാൾ പറഞ്ഞിടത്ത് എത്തി.
ആരപാളയത്തെ എ.ടി.എമ്മിൽ നിന്ന് പണമെടുത്തു പുറത്തുവന്ന ബാലഗുരു സ്വാമി പെൺകുട്ടിയെ കണ്ടു. തന്റെ ബൈക്കിൽ കയറാനും താമസ സ്ഥലത്തേക്ക് പോകാനും അയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. ഇതുകേട്ട പെൺകുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. പെട്ടെന്നായിരുന്നു പെൺകുട്ടിയുടെ മുത്തച്ഛനും അമ്മ സിദ്ധിയും കൂടി രംഗത്ത് വന്നത്. സിദ്ധി നടുറോട്ടിലിട്ട് ബാലഗുരു സ്വാമിയെ നന്നായി കൈകാര്യം ചെയ്തു. തിരിച്ചൊന്നും ചെയ്യാൻ പോലും കഴിയാത്ത വിധം അയാൾ അമ്പരന്നു പോയിരുന്നു. കണ്ടുനിന്ന നാട്ടുകാരാണ് വീഡിയേ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. ദൃശ്യത്തിൽ സിദ്ധി കാലുമടക്കി ഇയാളെ തൊഴിക്കുന്നുമുണ്ട്.
ജയിലിൽ തടവുകാരെ കാണാനെത്തുന്ന ബന്ധുക്കളോടും ബാലഗുരു സ്വാമി മോശമായി പെരുമാറുന്നതായി സംഭവത്തിനു ശേഷം നിരവധിപേർ പരാതിപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ബാലഗുരു സ്വാമിക്കും സിദ്ധിക്കും പെൺകുട്ടിക്കും എതിരെ കേസെടുത്തു. അതിനിടയിൽ ബാലഗുരു സ്വാമിയെ ഡി.ഐ.ജി പളനി സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.