ന്യൂഡൽഹി: ജഡ്ജിയുടെ ജോലി ആളുകളെ പ്രീതിപ്പെടുത്തുകയല്ലെന്നും മറിച്ച് നിയമമനുസരിച്ച് കേസുകൾ തീർപ്പ് കൽപ്പിക്കുക എന്നതാണെന്നും സ്ഥാനമൊഴിയുന്ന സുപ്രീംകോടതി ജസ്റ്റിസ് ഹേമന്ത് ഗുപ്ത. വെള്ളിയാഴ്ച സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ കടമകൾ നിർവഹിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാം തികഞ്ഞവരായി ആരുമില്ലെന്നും ഹേമന്ത് ഗുപ്ത പറഞ്ഞു.
'ഒരു ജഡ്ജി ആളുകളെ സന്തോഷവാനാക്കില്ല. അതല്ല അയാളെ ഏൽപ്പിച്ചിട്ടുള്ള ജോലി. ആളുകളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരാൾക്ക് ഈ സ്ഥാനത്ത് തുടരാൻ കഴിയില്ല. ആത്മാർത്ഥമായി എന്‍റെ കടമകൾ നിർവഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാം തികഞ്ഞവരായി ആരുമില്ല. പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മനഃപൂർവമല്ല' -ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
കർണാടകയിലെ ഹിജാബ് വിലക്ക് കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന്‍റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ബെഞ്ചിലെ രണ്ടു ജഡ്ജിമാരും ഭിന്നവിധികൾ പുറപ്പെടുവിച്ചതിനെ തുടർന്ന് കേസ് വിശാലബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് സുധാൻശു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈകോടതി വിധി റദ്ദാക്കിയപ്പോൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിലക്കിനെതിരെ സമർപ്പിച്ച മുഴുവൻ അപ്പീലുകളും തള്ളി ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.
നാളെയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നത്. സുപ്രീംകോടതിയിലെ അദ്ദേഹത്തിന്‍റെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു വെള്ളിയാഴ്ച. ജസ്റ്റിസ് ഹേമന്ത് ഗുപ്ത പടിയിറങ്ങുന്നതോടെ സുപ്രീംകോടതിയിലെ ന്യായാധിപന്മാരുടെ എണ്ണം 28 ആയി കുറയും. 2018 നവംബർ രണ്ടിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ ന്യായാധിപനായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.