കോർബ: കൃഷിയിടത്തിൽ കയറിയ കാട്ടുപന്നിയിൽനിന്ന് മകളെ രക്ഷിക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നടന്ന ആക്രമണത്തിൽ ദുവാഷിയ ബായി (45) ആണ് മരിച്ചത്. ദുവാഷിയ ബായിയും മകൾ റിങ്കിയും മണ്ണെടുക്കാൻ സമീപത്തെ ഫാമിലേക്ക് പോയ സമയത്തായിരുന്നു കാട്ടുപന്നിയുടെ ആക്രമണമെന്ന് പാസൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാംനിവാസ് ദഹായത്ത് പറഞ്ഞു.
ദുവാഷിയ പണിത്തിരക്കിലായിരുന്നപ്പോൾ കാട്ടുപന്നി റിങ്കിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ശ്രദ്ധയിൽപെട്ട മാതാവ് ഉടനെത്തി കുട്ടിയെ രക്ഷിക്കാനായി ശ്രമം. കാട്ടുപന്നിയെ കൊന്ന് മകളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിനിടെ ശരീരത്തിലേറ്റ സാരമായ പരിക്കുകൾ യുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വനപാലകർ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പെൺകുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദുവാഷിയുടെ കുടുംബത്തിന് 25,000 രൂപ അടിയന്തരസഹായമായി നൽകി. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരതുകയിലെ അവശേഷിച്ച 5.75 ലക്ഷം രൂപ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.