പാറ്റ്ന: ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകന്റെ മർദനമേറ്റ് ഏഴ് വയസ്സുള്ള വിദ്യാർഥി മരിച്ചു. സഹർസ ജില്ലയിലെ സ്വകാര്യ സ്കൂളിലെ ലോവർ കെജി വിദ്യാർഥിയായ ആദിത്യ യാദവാണ് മരിച്ചത്. ബിഹാറിലാണ് സംഭവം.
ഗൃഹപാഠം പൂർത്തിയാക്കാത്തതിന് അധ്യാപകൻ സുജീത് കുമാർ ബുധനാഴ്ച മരത്തടികൊണ്ട് മർദിച്ചതായി സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. പിറ്റേന്ന് രാവിലെ കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആദിത്യയെ ഹോസ്റ്റലിൽ കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളും സീനിയേഴ്സുമാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പേ അവർ കുട്ടിയെ പ്രതിയായ അധ്യാപകന്റെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ആദിത്യ മരിച്ചുവെന്നും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിക്കണമെന്നും അധ്യാപകൻ ഉപദേശിച്ചതായി കൂടെയുള്ള സുഹൃത്തുക്കൾ പറഞ്ഞു.
സുജീത് കുമാർ തന്നെയാണ് കുട്ടി ബോധരഹിതനായ കാര്യം പിതാവിനെ അറിയിച്ചത്. എന്നാൽ ആശുപത്രിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോ.ദിനേശ് കുമാർ പറഞ്ഞു. ശരീരത്തിൽ മുറിവുകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാനമായി ഹോളിക്കാണ് ആദിത്യ വീട്ടിലെത്തിയത്. മാർച്ച് 14 ന് ഹോസ്റ്റലിൽ തിരികെ പോയതായും ആദിത്യയുടെ പിതാവ് പ്രകാശ് യാദവ് പറഞ്ഞു. 'എന്റെ മകൻ സ്‌കൂളിൽ വെച്ച് ബോധരഹിതനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് വ്യാഴാഴ്ചയാണ് എന്നെ അറിയിച്ചത്. പക്ഷേ ഞാൻ എത്തുന്നതിന് മുമ്പ് തന്നെ ആദിത്യ മരിക്കുകയും സുജീത് കുമാറിനെ കാണാതാവുകയും ചെയ്തു.' പ്രകാശ് യാദവ് പൊലീസിൽ പരാതി നൽകി.
തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച സുജീത് കുമാർ ഇപ്പോൾ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.