ന്യൂഡൽഹി: പതിനായിരത്തിലേറെ കിലോമീറ്റർ ഇന്ത്യയുടെ നെടുകെയും കുറുകെയും നടന്നുകയറിയ രാഹുൽ ഗാന്ധി രാജ്യത്തിന് സമ്മാനിക്കുന്നത് പുതിയ പ്രതീക്ഷ. ഇൻഡ്യ സഖ്യം ഭരണമുറപ്പിച്ചില്ലെങ്കിലും, നാന്നൂറും കടന്ന് മുന്നേറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വീരവാദങ്ങളെ തടയിടുന്നതിൽ മുന്നിൽ നിന്നത് രാഹുലായിരുന്നു. ബി.ജെ.പി ഒരുക്കിയ വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ സൂപ്പർ മാർക്കറ്റ് തന്നെ തുറന്നാണ് രാഹുൽ തിളങ്ങിയത്. വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന് പറഞ്ഞ് ബി.ജെ.പി കളിയാക്കിയ രാഹുൽ, ഹൃദയമണ്ഡലമായ റായ്ബറേലിയിലും ഇത്തവണ ഹിന്ദുത്വശക്തികളോട് ഏറ്റുമുട്ടി. രണ്ടിടത്തും തിളക്കമാർന്ന ജയം.
മധ്യനിരയിൽനിന്ന് നീട്ടിക്കിട്ടിയ പന്ത് കൃത്യമായി പരസ്പരം പാസ് ചെയ്ത് ഗോളടിക്കുന്ന ഫോർവേഡിന്റെ റോളിലായിരുന്നു ഇത്തവണ രാഹുൽ. അഖിലേഷ് യാദവും എം.കെ. സ്റ്റാലിനും ഉദ്ധവ് താക്കറെയും സീതാറാം യെച്ചൂരിയുമെല്ലാം രാഹുലിനൊപ്പം ചേർന്ന് മോദിപ്പടയെ ശക്തമായി പ്രതിരോധിച്ചു. സഹോദരതുല്യമായ സ്നേഹം രാഹുൽ സഖ്യകക്ഷി നേതാക്കൾക്ക് തിരിച്ചുനൽകി. കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അരവിന്ദ് കെജ്രിവാളുമായും കൈകോർത്തു. യു.പിയിൽ 15 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് ഇത്തവണ പ്രചാരണത്തിൽ ഓളമുണ്ടാക്കാൻ കഴിഞ്ഞിരുന്നു.
അഖിലേഷ് യാദവുമായുള്ള സഖ്യമാണ് മോദിയുടെ പ്രവർത്തനഭൂമിയായ, രാമക്ഷേത്ര മണ്ണായ യു.പിയിൽ കോൺഗ്രസിന് ഇത്തവണ ജീവശ്വാസമായത്. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളുയർത്തി പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ ഇൻഡ്യ സഖ്യത്തിലേക്ക് മാറ്റാൻ കോൺഗ്രസിനായി.
മോദിക്കെതിരെ പ്രസംഗിച്ചുവെന്നതിന്റെ പേരിൽ കോടതിയുടെ പരമാവധി ശിക്ഷയും പിന്നീട് ലോക്സഭയിൽനിന്ന് അയോഗ്യതയും നേരിട്ട രാഹുൽ ഗാന്ധിയുടെയും അതിനൊപ്പം കോൺഗ്രസിന്റെയും രാഷ്ട്രീയം ഇല്ലാതാക്കാനാകില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ശക്തനായ ദേശീയ നേതാവായി രാഹുൽ ഗാന്ധി ഇവിടെ തന്നെയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.