ന്യൂഡൽഹി: 40 വയസ് പിന്നിട്ട മാധ്യമപ്രവർത്തകർ നിരന്തര വൈദ്യപരിശോധനക്ക് വിധേയമാകണമെന്നും ആവശ്യമെങ്കിൽ സർക്കാർ ഇതിനുള്ള സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ സർക്കാറിന് മുമ്പാകെ നിർദേശങ്ങൾ വെക്കാൻ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. കൊറോണക്ക് ശേഷം നിരവധി മാധ്യമപ്രവർത്തകർ അകാലത്തിൽ മരണപ്പെട്ടു പോയത് ശ്രദ്ധയിൽപ്പെടുത്തിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
മാധ്യമപ്രവർത്തകർക്കായി ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച ‘ദീപാവലി മിലനി’ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ കാലത്തും മാധ്യമപ്രവർത്തകർ തങ്ങളുടെ ഉത്തരവാദിത്തവുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നും ആ സമയത്ത് നിരവധി പേർ മരണപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തനിക്ക് വ്യക്തിപരമായി അറിയുന്ന പല മാധ്യമപ്രവർത്തകരും ചിലരുടെ കുടുംബാംഗങ്ങളുമെല്ലാം കോവിഡ് കാലത്ത് മരണപ്പെട്ടു. എന്നാൽ, കൊറോണക്ക് ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ചെറുപ്പക്കാരായ പല പത്രപ്രവർത്തകരും മരണപ്പെട്ടു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് പ്രധാനമന്ത്രി തുടർന്നു. ലോകത്തെ വായിപ്പിക്കുന്ന അറിവും വായനയുമുള്ളവരാണ് പത്രപ്രവർത്തകർ. സാമൂഹിക മാധ്യമങ്ങൾ കൂടി വന്നതോടെ അവർക്ക് മേൽസമ്മർദവും കൂടി. നാം വായിക്കുകയും സംവദിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകർ പൊടുന്നനെ മരിച്ചു പോകുന്നത് വേദനിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു.
രാഷ്ട്രീയക്കാരുടെ പൊതുജീവിതം പോലെയാണ് മാധ്യമപ്രവർത്തകരുടെ പൊതുജീവിതവും. അതിനാൽ, 40 വയസിന് ശേഷം മാധ്യമപ്രവർത്തകർ ആരോഗ്യസ്ഥിതി അറിയാൻ പതിവായി പരിശോധന നടത്തണം. മാധ്യമപ്രവർത്തകരുടെ വൈദ്യപരിശോധനക്ക് സർക്കാർ സംവിധാനമൊരുക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യും. ഇക്കാര്യത്തിലുള്ള നിർദേശങ്ങൾ മാധ്യമപ്രവർത്തകർക്ക് സമർപ്പിക്കാമെന്നും മോദി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ സ്വാഗതം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, അശ്വിനി വൈഷ്ണവ്, അനുരാഗ് ഠാക്കൂർ, മീനാക്ഷി ലേഖി, ഹർദീപ് പുരി, ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.