രൺതംബോർ നാഷണൽ പാർക്കിലെ 25 കടുവകളെ കാണാനില്ല

ജെയ്പൂർ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള വന്യജീവി സ​ങ്കേതങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്ക്. എന്നാൽ, ഇവിടെയുള്ള 75 കടുവകളിൽ 25 എണ്ണത്തിനെ കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാനില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പാർക്ക് അധികൃതരെ അറിയിച്ചു. ഇത്രയധികം കടുവകളെ കാണാതായെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുമ്പ് 2019 ജനുവരി മുതൽ 2022 ജനുവരി വരെ രൺതംബോറിൽ നിന്ന് 13 കടുവകളെ കാണാതായിരുന്നു.

കടുവകളുടെ തിരോധാനം അന്വേഷിക്കാൻ വന്യജീവി വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നൽകി. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന്  പവൻ കുമാർ ഉപാധ്യായ പറഞ്ഞു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നിരീക്ഷണ കാമറകൾ അവലോകനം ചെയ്യുകയും പാർക്ക് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തിയാൽ നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്യും. ഈ വർഷം മെയ് 17നും സെപ്റ്റംബർ 30നും ഇടയിൽ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നവംബർ 4ന് രൺതംബോറി​ൽ നടത്തിയ നിരീക്ഷണത്തിൽ കടുവകളെ കാണാതായതു സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നു. പാർക്കി​ന്‍റെ ഫീൽഡ് ഡയറക്ടർക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായില്ല.

കടുവകളുടെ തിരക്ക് കാരണം രൺതംബോർ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇത് അവക്കിടയിൽ പ്രദേശത്തെച്ചൊല്ലിയുള്ള പോരാട്ടങ്ങൾക്ക് കാരണമാകുന്നുവെന്നും പാർക്ക് അധികൃതർ പറഞ്ഞു. കുഞ്ഞുങ്ങൾ അടക്കം 75 കടുവകളുള്ള പാർക്കി​ന്‍റെ 900 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഇവയെ ഉൾകൊള്ളാൻ പാടുപെടുകയാണ്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2006-2014 ൽ നടത്തിയ പഠനമനുസരിച്ച് പാർക്കിൽ 40ഓളം കടുവകളെ മാ​ത്രമെ സുരക്ഷിതമായി പാർപ്പിക്കാൻ കഴിയൂ.

Tags:    
News Summary - A third of Ranthambore National Park's 75 tigers missing, say officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.