അഹ്മദാബാദ്: സമൂഹ മാധ്യമങ്ങളിലൂടെ സഹോദര സമുദായാംഗങ്ങൾക്ക് സഹായമെത്തിക്കുന്ന വ്യോം അമിെൻറ സേവനം വേറിട്ടുനിൽക്കുന്നു. ഗാന്ധിനഗർ സ്വദേശി അമിൻ പത്തു വർഷമായി നിരാലംബരായവർക്കായി കർമനിരതനാണ്. ഏറ്റവും ഒടുവിൽ മൂന്ന് മുസ്ലിം സ്കൂൾ വിദ്യാർഥികൾക്കാണ് അമിെൻറ സഹായം ലഭിച്ചത്. ലോക്ഡൗൺ സമയത്ത് ഡ്രൈവറുടെ ജോലി നഷ്ടപ്പെട്ട ഇവരുടെ പിതാവ് ഉമർ ഖുറൈശി നിസ്സഹായനായപ്പോഴാണ് അമിൻ രക്ഷകനായത്. ഖുറൈശിയുടെ ദുരിത കഥ വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തെൻറ സഹൃത്തുക്കളെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ 14,000 രൂപ സ്വരൂപിച്ച് ഖുറൈശിക്ക് കൈമാറി.
ദാരിദ്ര്യം മൂലം ഏഴാംതരത്തിൽ പഠനം അവസാനിപ്പിച്ച മസ്കാൻ ശൈഖ് എന്ന പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് ചിറകു വിടർത്താൻ നൽകിയ സഹായമാണ് മറ്റൊന്ന്. സ്റ്റെനോഗ്രാഫി പരിശീലനത്തിന് മകളെ പറഞ്ഞയക്കാനാവാതെ പാടുപെടുന്നതിനിടെയാണ് മാതാപിതാക്കൾക്ക് അമിൻ പണം സമാഹരിച്ച് നൽകിയത്. അദ്ദേഹത്തിെൻറ സുഹൃത്തുക്കളും അപരിചിതരായ സഹൃദയരും 20,000 രൂപ സംഭാവന നൽകി.
വഡോദരയിലെ റിക്ഷാ ഡ്രൈവർ യഅ്കൂബ് മുൽത്താനിയുടെ രക്ഷക്കായും അമിൻ ഓടിയെത്തി. ഗുരുതര അസുഖം ബാധിച്ച 12 വയസ്സുള്ള മകൻ ഫർദീെൻറ ചികിത്സക്കായി പണം കണ്ടെത്താൻ വിഷമിക്കുകയായിരുന്നു യഅ്കൂബ്. നിസ്സഹായത അറിഞ്ഞ അമിൻ സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം പങ്കുവെക്കുകയും രണ്ടു മണിക്കൂറിനുള്ളിൽ 10,000 രൂപ യഅ്കൂബിെൻറ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഫർദീന്‍ അടിയന്തരമായി രക്തം ആവശ്യം വന്നപ്പോൾ അമിനും കൂട്ടുകാരും ക്യാമ്പ് സംഘടിപ്പിക്കുകയും അദ്ദേഹം സ്വന്തം നിലക്കും രക്തം ദാനം ചെയ്യുകയും ചെയ്തു. എൺപതോളം കുപ്പി രക്തം ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു.
ഒരു മനുഷ്യനെന്ന നിലയിലുള്ള തെൻറ കടമമാത്രമാണ് ചെയ്യുന്നതെന്നും കൂടുതൽ ആളുകൾ ഈ ലക്ഷ്യത്തിനായി മുന്നോട്ടുവന്ന് സാമുദായിക സൗഹൃദം കെട്ടിപ്പടുക്കണമെന്നും അമിൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥെൻറ മകനാണ് അമിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.