ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടും പാൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചതിനു പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ഉടൻ ബന്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. എന്നാൽ, ഇതിനുള്ള സമയപരിധിയെക്കുറിച്ച് മന്ത്രി സൂചന നൽകിയില്ല. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ്-2017ല്‍ പങ്കെടുത്ത് സ്വകാര്യത, മൗലികാവകാശം, ആധാർ എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് കാർഡ്, പാസ്പോർട്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ ആധാറും വ്യാജ ലൈസൻസുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങൾ തടയാനാവും. വിവിധയിടങ്ങളിൽനിന്ന് ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സർക്കാറുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും 12 അക്ക ആധാർനമ്പർ ആവശ്യമുള്ള അവസ്ഥയാണ്. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷ പദ്ധതികൾ തുടങ്ങിയവയുമായാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ റിട്ടേൺ ഫയലിങ്ങിന് സാധുതയുണ്ടാവില്ലെന്ന മുന്നറിയിപ്പുണ്ട്. കൂടാതെ, 2018 ഫെബ്രുവരിക്കു മുമ്പായി ആധാർ, മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സിംകാർഡ് പ്രവർത്തനരഹിതമാകും. ഇതിനുപുറമെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലും ആധാർ നിർബന്ധമാക്കിയിരുന്നു.
ഉപഭോക്താക്കളെക്കുറിച്ചുള്ള ‘നോ യുവർ കസ്റ്റമർ (കെ.വൈ.സി) രേഖകളിലാണ് ആധാർ വിവരങ്ങൾ ഉൾപ്പെടുത്തുക. 2017 ഡിസംബർ 31നകം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അത്തരം അക്കൗണ്ടുകൾ ഉപയോഗിക്കാനാവില്ല. പെൻഷൻ, ഗ്യാസ് സബ്സിഡി, സ്കോളർഷിപ് തുടങ്ങിയ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രയോജനം ലഭിക്കണമെങ്കിലും ഡിസംബർ 31നകം ആധാർ കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.