ന്യൂഡൽഹി: ആധാർ തീവ്രവാദത്തെയും ബാങ്ക് തട്ടിപ്പുകളെയും ഇല്ലാതാക്കാൻ സഹായിക്കുമെന്ന കേന്ദ്രവാദം അംഗീകരിക്കാതെ സുപ്രീംകോടതി. ഏതാനും തീവ്രവാദികളെ പിടികൂടാൻ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മൊബൈൽ ഫോണുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ സുപ്രീംകോടതി ബെഞ്ച് ചോദ്യം ചെയ്തു.
ഭരണപരമായ നിർദേശങ്ങളിലൂടെ പൗരന്മാരുടെ ഡി.എൻ.എ, രക്ത സാമ്പിൾ, ശുക്ലം എന്നിവയുടെ വിവരങ്ങൾ ആധാറിൽ ചേർക്കാൻ ആവശ്യപ്പെട്ടാൽ എന്താവും സംഭവിക്കുകയെന്നും കോടതി ആരാഞ്ഞു. ആധാറിെൻറ സാധുതയും അത് നിർബന്ധമാക്കാനുള്ള 2016ലെ നിയമത്തെയും ചോദ്യംചെയ്ത് സമർപ്പിച്ച പരാതികളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം നൽകുന്ന ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. ബാങ്ക് തട്ടിപ്പുകൾ തടയാനുള്ള പരിഹാരമാർഗം ആധാറല്ലെന്നും സബ്മിഷന് മറുപടിയായി കോടതി അഭിപ്രായപ്പെട്ടു.
ആർക്കാണ് വായ്പ നൽകുന്നതെന്ന് ബാങ്കിന് അറിയാമെന്നും ഇതിൽ ആധാറിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ബയോമെട്രിക് സുരക്ഷിതവും ബാങ്ക് തട്ടിപ്പുകൾ, തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ പ്രശ്നങ്ങൾക്ക് പരിഹാരവുമാണെന്ന, കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ വാദത്തിന് മറുപടിയായി ബാങ്കിങ് തട്ടിപ്പ് ഒന്നിൽ കൂടുതൽ െഎ.ഡികൾ കാരണമല്ല നടക്കുന്നതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.