ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉടൻ തന്നെ ഏക്നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുമെന്നും ഷിൻഡെയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നും ശിവസേന നേതാവ് (ഉദ്ധവ് താക്കറെ വിഭാഗം) ആദിത്യ താക്കറെ. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി വിമതർ കൂടി മഹാരാഷ്ട്രയിൽ സർക്കാർ വിപുലീകരണത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആദിത്യ താക്കറെയുടെ വലിയ പ്രവചനം.
''ഷിൻഡെയോട് മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായി കേൾക്കുന്നു. സർക്കാരിൽ തീർച്ചയായും ചില മാറ്റങ്ങൾ ഉണ്ടാകും.''-ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു. എൻ.സി.പി വിമതർ എത്തിയതോടെ ഏക്നാഥെ ഷിൻഡെ വിഭാഗത്തെ ബി.ജെ.പി ഒതുക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം ശിവസേന വിമതരും ഉദ്ധവ് താക്കറെയുടെ അടുത്തേക്ക് തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഏതാണ്ട് 20 എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെട്ടുവെന്നും ഉദ്ധവ് താക്കറെ വിഭാഗം അവകാശപ്പെട്ടിരുന്നു.
അജിത് പവാർ അടക്കം ഒമ്പത് എൻ.സി.പി വിമതരാണ് കഴിഞ്ഞ ദിവസം പാർട്ടിയെ പിളർത്തി മഹാരാഷ്ട്ര സർക്കാരിനൊപ്പം ചേർന്നത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചിരുന്നു. അതിനിടെ, മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് ഷിൻഡെയും രംഗത്തുവന്നിട്ടുണ്ട്. എൻ.സി.പി വിമതരും ശിവസേനയും തമ്മിൽ പ്രശ്നങ്ങളില്ലെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.