ന്യൂഡൽഹി: ഡൽഹിയിൽ ശ്രദ്ധ വാൽക്കർ എന്ന യുവതിയെ ലിവ് ഇൻ പങ്കാളി അഫ്താബ് പുനെവാല കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ, മൃതദേഹം മുറിക്കാൻ ഉപയോഗിച്ചത് ഈർച്ചവാളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എല്ലുകളുടെ പോസ്റ്റ്മോർട്ടം നടത്തിയാണ് ഈർച്ച വാളുപയോഗിച്ചാണ് മുറിച്ചതെന്ന് ഉറപ്പാക്കിയത്.
കഴിഞ്ഞ മാസം ഗുരുഗ്രാമിലെ മെഹ്റൗലി വനത്തിൽ നിന്ന് കണ്ടെത്തിയ എല്ലിൻ കഷ്ണം ശ്രദ്ധയുടെതാണെന്ന് ഡി.എൻ.എ പരിശോധനയിൽ നിന്ന് വ്യക്തമായിരുന്നു. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ രക്തപ്പാടുകളും ശ്രദ്ധയുടെതാണെന്ന് വ്യക്തമായിരുന്നു. ശ്രദ്ധയുടെ പിതാവിന്റെ സാമ്പിളുകളുമായാണ് ഡി.എൻ.എ പരിശോധന നടത്തിയത്. ഡൽഹി എയിംസിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
മെയ് 18നാണ് അഫ്താബ് പൂനെവാല പങ്കാളിയായ ശ്രദ്ധയെ വാക്കുതർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി നുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും 18 ദിവസത്തോളം പുലർച്ചെ എഴുന്നേറ്റ് ഓരോ ഭാഗവും ഡൽഹിയുടെ പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. ഈർച്ച വാളും ബ്ലേഡുകളും ഗുരുഗ്രാമിലെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു. സൗത് ഡൽഹിയിലെ ഡസ്റ്റ്ബിന്നിലാണ് മീറ്റ് ക്ലീവർ കളഞ്ഞത്.
ഒക്ടോബറിൽ ശ്രദ്ധയുടെ പിതാവ് മകളെ കാണാനില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്രയിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതകം വെളിച്ചത്തു വരുന്നത്. പ്രതിയായ 28 കാരൻ അഫ്താബ് പൂനെവാല നവംബർ മുതൽ പൊലീസ് കസ്റ്റഡിയിലാണ്. ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.