ന്യൂഡൽഹി: ആംനസ്റ്റി ഇന്‍റർനാഷനൽ മുൻ മേധാവി ആകാർ പട്ടേൽ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. ആകാർ പട്ടേലിനെതിരെ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് അടിയന്തിരമായി പിൻവലിക്കണമെന്നും സി.ബി.ഐ അദ്ദേഹത്തോട് മാപ്പു പറയണമെന്നുമുള്ള ഡൽഹി അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ രണ്ട് നിർദേശങ്ങളും സി.ബി.ഐ കോടതി സ്റ്റേ ചെയ്തു. മറുപടി സത്യവാങ്മുലം നൽകാൻ സമയം അനുവദിച്ച് കേസ് ഈ മാസം 12ലേക്ക് മാറ്റി.
സി.ബി.ഐക്ക് മറുപടി നൽകാൻ മതിയായ സമയം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി നൽകിയില്ലെന്ന് പറഞ്ഞാണ് പ്രത്യേക സി.ബി.ഐ കോടതിയുടെ നടപടി. വിദേശ സർവകലാശാലകളിലെ പ്രഭാഷണത്തിനായി പോകുന്ന ആകാറിന്‍റെ വിദേശയാത്ര മുടക്കിയാൽ 10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന അഭിഭാഷകന്‍റെ വാദത്തിന് ആ പണം സർവകലാശാലകളുടേതാണ് എന്നായിരുന്നു സി.ബി.ഐ അഭിഭാഷകൻ നൽകിയ മറുപടി.
അമേരിക്കയിലേക്ക് വിമാനം കയറാൻ ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പട്ടേലിനെ തടഞ്ഞ് തിരിച്ചയച്ചത്. ബി.ജെ.പി എം.എൽ.എയായ പൂർണേശ്ഭായ് ഈശ്വർ ഭായ് മോദി എന്നയാളുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതിയിൽ നിന്ന് വിദേശ യാത്രക്കുള്ള അനുമതി ആകാർ പട്ടേൽ നേടിയ ശേഷമായിരുന്നു പട്ടേൽ അറിയാത്ത മറ്റൊരു കേസിന്‍റെ ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടെന്ന് പറഞ്ഞ് തിരിച്ചയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.