റാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. 81 അംഗ നിയമസഭയിൽ 43 സീറ്റിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. ബാക്കി സീറ്റുകളിൽ നവംബർ 20നാണ് തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇതിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 31 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടന്നു.
ഝാർഖണ്ഡിൽ 683 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ മത്സരിച്ചത്. ഇതിൽ 73 പേർ മാത്രമാണ് വനിതകൾ. 1.37 കോടി വോട്ടർമാർക്കായി 15,344 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരുന്നത്. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലോഹർദഗ ജില്ലയിലാണ് (73.21) ഏറ്റവും കൂടുതൽ പോളിങ്. കേന്ദ്ര നേതാക്കളെ രംഗത്തിറക്കി ആവേശകരമായ പ്രചാരണമാണ് ഭരണമുന്നണിയായ ഇൻഡ്യ സഖ്യവും പ്രതിപക്ഷത്തെ എൻ.ഡി.എയും നടത്തിയത്. ഹിന്ദുത്വ അജണ്ടകളിൽ ഊന്നിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം, ന്യൂനപക്ഷങ്ങളുടെ സംവരണം തുടങ്ങിയ വിഷയങ്ങളാണ് ബി.ജെ.പി നേതാക്കൾ പ്രചാരണത്തിൽ ഉയർത്തിപ്പിടിച്ചത്. ‘ഇൻഡ്യ’ സഖ്യം കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടമാണ് മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ വികസനവേഗത്തെ ആർക്കും തടയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറൻ എക്സിൽ കുറിച്ചു. 2019ൽ 47 സീറ്റ് നേടിയാണ് ജെ.എം.എം സഖ്യം അധികാരമുറപ്പിച്ചത്.
കൽപറ്റ: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും പോളിങ്ങിൽ ഇടിവ്. വയനാട്ടിൽ 64.72 ശതമാനവും ചേലക്കരയിൽ 72.77 ശതമാനവുമാണ് ഒടുവിലെ കണക്കനുസിച്ചുള്ള പോളിങ്. കഴിഞ്ഞതവണ വയനാട്ടിൽ 73.48 ശതമാനവും ചേലക്കരയിൽ 2021ൽ 77.40 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
വയനാട്ടിൽ ആകെയുള്ള 14,71,742 വോട്ടർമാരിൽ 9,52,203 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 7,25,044 പുരുഷന്മാരിൽ 4,54,455 പേരും 7,46,684 സ്ത്രീകളിൽ 4,97,745 പേരുമാണ് വോട്ടുചെയ്തത്. 14 ട്രാൻസ്ജൻഡർ വോട്ടർമാരിൽ മൂന്നുപേരും വോട്ടുചെയ്തു. ഉരുൾദുരന്തമുണ്ടായ ചൂരൽമലയിലും മേപ്പാടിയിലും പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. പ്രത്യേക വാഹനസൗകര്യവും ഏർപ്പെടുത്തി. ഇവരെ പൂക്കൾ നൽകിയാണ് അധികൃതർ സ്വീകരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രാവിലെ ഒമ്പതു മണിയോടെ കൽപറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു. പിന്നീട് വൈത്തിരി ഗവ.എൽ.പി സ്കൂളിലും ലക്കിടി സ്കൂളിലുമെത്തി. തുടർന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തും പുതുപ്പാടി ജി.എം.എൽ.പി സ്കൂളിലെ ബൂത്തും സന്ദർശിച്ചശേഷം ഉച്ചക്ക് ഡൽഹിക്ക് മടങ്ങി. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻ.ഡി.എ സ്ഥാനാർഥി നവ്യാ ഹരിദാസും വിവിധ ബൂത്തുകളിലെത്തി വോട്ടർമാരുമായി സൗഹൃദം പങ്കിട്ടു.
ചേലക്കരയിൽ അങ്ങിങ്ങ് ഒറ്റപ്പെട്ട വാക്ക്തർക്കങ്ങൾ ഒഴിച്ചുനിർത്തിയാൽ കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ഒമ്പതിനകം 13 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയ മണ്ഡലത്തിൽ ഉച്ചക്ക് രണ്ടോടെ പോളിങ് 50 ശതമാനത്തിന് മുകളിലേക്കു കുതിച്ചു. വൈകീട്ട് ആറിനകം 72.42 ശതമാനം ആളുകൾ വോട്ട് ചെയ്തു. ആറിനുശേഷവും മിക്ക ബൂത്തുകളിലും നീണ്ട വരി ദൃശ്യമായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് രാവിലെ ഏഴിനുതന്നെ ദേശമംഗലം കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെത്തി വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ തിരുവല്വാമല പഞ്ചായത്ത് പാമ്പാടി സ്കൂളിലെത്തി രാവിലെ വോട്ടുചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് വോട്ട് ആലത്തൂർ മണ്ഡലത്തിലായതിനാൽ വോട്ട് ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.