ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ 'രാമരാജ്യ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമനെ പോലെ മാതാപിതാക്കളെ അനുസരിച്ചും നുണ പറയാതെയും ജീവിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന രാമലീല ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
" നാളെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുകയാണ്. പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിലും നിരവധി പേർക്ക് ചടങ്ങിന്റെ ഭാഗമാകാനുള്ള അനുമതിയില്ല. ഡൽഹി സർക്കാർ ചടങ്ങ് സംഘടിപ്പിച്ചതിൽ സന്തോഷമുണ്ട്. രാമന്റെ ഭരണത്തെയാണ് രാമരാജ്യമെന്ന് വിശേഷിപ്പിക്കുന്നത്. ആപ് സർക്കാർ രാമ രാജ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഭരണം നിർവഹിക്കാൻ ശ്രമിക്കുന്നവരാണ്", കെജ്രിവാൾ പറഞ്ഞു.
ജനുവരി 22ന് ഉച്ചക്ക് 2.30 വരെ ഡൽഹി എയിംസ് അടച്ചിടുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കി എയിംസ് അധികൃതർ വാർത്താക്കുറിപ്പ് പുറത്തിറക്കി. അയോധ്യയിലെ രാം ലല്ല പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് 2024 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് എയിംസ് ജനുവരി 22ന് ഉച്ചക്ക് 2.30 വരെ അടച്ചിടുമെന്ന് മുഴുവൻ ജീവനക്കാരെയും അറിയിക്കുന്നുവെന്നായിരുന്നു വാർത്താകുറിപ്പിലെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.