ന്യൂഡൽഹി: മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണത്തിന്റെ മുഖ്യ ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയിൽ. പാർട്ടി ദേശീയ കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മുഖേനയാണ് കള്ളപ്പണം വെളുപ്പിച്ചതെന്നും ഏകദേശം 45 കോടി രൂപ 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിനിയോഗിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ഇ.ഡി മറുപടി നൽകിയത്. എന്നാൽ, ഇ.ഡി കള്ളം പറയുന്ന യന്ത്രമായെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് സർവേ ജീവനക്കാർ, ഏരിയ മാനേജർമാർ, അസംബ്ലി മാനേജർമാർ എന്നിവർക്ക് പണം നൽകിയെന്ന് ഇതിനായി നിയോഗിച്ചവർ വെളിപ്പെടുത്തിയെന്നും ഇ.ഡി അവകാശപ്പെട്ടു. കള്ളപ്പണം തടയൽ നിയമങ്ങളുടെ വിവിധ വകുപ്പുകൾപ്രകാരം ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ മുഖേനയാണ് കുറ്റംചെയ്തത്. തെരഞ്ഞെടുപ്പിന് പണമുണ്ടാക്കി വിനിയോഗിച്ചതിന്റെ ഉത്തരവാദിത്തം ദേശീയ കൺവീനറെന്ന നിലയിൽ അരവിന്ദ് കെജ്രിവാളിനാണ്. മദ്യനയമുണ്ടാക്കിയത് കെജ്രിവാളാണെന്ന് സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണെന്നും അറസ്റ്റിനെതിരെ നൽകിയ ഹരജി തള്ളിക്കളയണമെന്നും ഇ.ഡി ബോധിപ്പിച്ചു. അറസ്റ്റിനെതിരെ നൽകിയ ഹരജിയിൽ ഏപ്രിൽ 24നകം മറുപടി നൽകണമെന്ന് സുപ്രീംകോടതി ഇ.ഡിയോട് നിർദേശിച്ചിരുന്നു. കേസിൽ അടുത്തയാഴ്ച വാദം കേൾക്കും. അറസ്റ്റ്ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മാർച്ച് 21ന് അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.