ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

ന്യൂഡൽഹി: വിവാദ ഡൽഹി സർവിസസ് ബിൽ കീറിയെറിഞ്ഞ ആം ആദ്മി പാർട്ടി (എ.എ.പി) എം.പിക്ക് സസ്പെൻഷൻ. എ.എ.പി എം.പി സുശീൽ കുമാർ റിങ്കുവിനെയാണ് ശീതകാല സമ്മേളനത്തിന്‍റെ ബാക്കിയുള്ള കാലയളവിൽ ലോക്സഭയിൽ നിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് 11നാണ് ശീതകാല സമ്മേളനം അവസാനിക്കുക.

ഡൽഹി സർവിസസ് ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ നടന്നത്. പ്രതിഷേധത്തിനിടെ സുശീൽ കുമാർ ബില്ലിന്‍റെ പകർപ്പ് കീറി ചെയറിന് നേരെ എറിയുകയായിരുന്നു. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അച്ചടക്ക നടപടി പ്രമേയം അവതരിപ്പിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുശീൽ കുമാർ റിങ്കു ആം ആദ്മിയുടെ ഏക ലോക്സഭ എം.പിയാണ്. 

പ്രതിപക്ഷ ബഹളത്തിനിടെ വിവാദ ഡൽഹി സർവിസസ് ബിൽ ലോക്സഭ പാസാക്കിയത്. ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ് ഗവ. ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചത്‌. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‌ ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത്.

ബിൽ അനുസരിച്ച്‌ മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവിസസ് അതോറിറ്റിയാകും (എൻ.സി.സി എസ്‌.എ) നിയമനങ്ങൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. കേന്ദ്രം നിയമിക്കുന്ന ഡൽഹി ചീഫ്‌ സെക്രട്ടറി, പ്രിൻസിപ്പൽ ആഭ്യന്തര സെക്രട്ടറി എന്നിവരാണ്‌ മറ്റംഗങ്ങൾ. ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കുക.

ബിൽ അനുസരിച്ച്‌ ഡൽഹി സർക്കാറിന്റെ വിവിധ ബോർഡുകൾ, കമീഷൻ തുടങ്ങിയവയുടെ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്ന നിർണായക അധികാരങ്ങൾ ലെഫ്‌. ഗവർണർക്കാണ്‌. അതോറിറ്റി ശുപാർശ അംഗീകരിച്ചാകും നിയമനം നടക്കുക.

Tags:    
News Summary - AAP member Sushil Kumar Rinku suspended from Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.