ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവെച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായിക്കൊണ്ട് മന്ത്രിയുടെ രാജി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടി അംഗത്വമടക്കം രാജിവെച്ചു. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന കനത്ത ആരോപണം ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ രാജി.

മദ്യനയക്കേസിൽ രാജ് കുമാർ ആനന്ദിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് മന്ത്രിയുടെ രാജി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ വിലക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. 


ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജിക്ക് പിന്നാലെ രാജ് കുമാർ ആനന്ദ് ആരോപിച്ചു. അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന നിലപാടുകൾ കാരണമാണ് ഞാൻ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. എന്നാൽ, ഇന്ന് ആ പാർട്ടി തന്നെ അഴിമതികൾക്ക് നടുവിലാണ്. അതുകാരണമാണ് ഞാൻ രാജിവെക്കാൻ തീരുമാനിച്ചത് -എസ്.സി, എസ്.ടി വകുപ്പിന്‍റെ കൂടി ചുമതലയുള്ള മന്ത്രി പറഞ്ഞു. 

ആം ആദ്മിയിൽ ജാതീയമായ വിവേചനങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'പാർട്ടിയിൽ ഒരു ദലിത് എം.എൽ.എയോ കൗൺസിലറോ ഇല്ല. ദലിത് നേതാക്കളെ നേതൃപദവികളിലേക്ക് നിയോഗിക്കുന്നില്ല. ഞാൻ ബാബാ സാഹെബ് അംബേദ്കറുടെ ആദർശങ്ങൾ പിന്തുടരുന്നയാളാണ്. എനിക്ക് ദലിതർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ല' -രാജ് കുമാർ ആനന്ദ് പറഞ്ഞു.

Tags:    
News Summary - AAP Minister Quits Won't Associate With Corrupt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.