ആം ആദ്​മി എം.എൽ.എ വേദ്​പ്രകാശ്​ ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു. ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് വേദ് പ്രകാശ് പാര്‍ട്ടി അംഗത്വം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. എം.എല്‍.എ സ്ഥാനവും എല്ലാ ഔദ്യോഗിക പദവികളും രാജിവെക്കുമെന്നും നിയമസഭാ സ്പീക്കര്‍ക്ക് ഉടന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും വേദ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി, ഉപാധ്യക്ഷൻ ശ്യാം ജാജു, നിയമസഭാകക്ഷി നേതാവ് വിജേന്ദ്ര ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് വേദ് പ്രകാശ് ബി.ജെ.പിയില്‍ ചേര്‍ന്നത്.  കൂടുതൽ എ.എ.പി എം.എൽ.എമാർ പാർട്ടിയിലേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അവരുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ബി.ജെ.പി നേതാവ് വിജേന്ദ്ര ഗുപ്ത പറഞ്ഞു.

ആം ആദ്മി പാർട്ടിക്ക് അവരുടെ എം.എൽ.എ മാരെ ശ്രദ്ധിക്കാൻ സമയമില്ല. മന്ത്രിമാർ അവരുടേതായ തിരക്കുകളിലാണ്. ഫോണിൽ ബന്ധപ്പെടാൻ പോലും താൽപര്യം കാണിക്കാറില്ല. ആം ആദ്മി പാര്‍ട്ടിയിലെ 35 എം.എല്‍.എമാരും നിരാശരാണെന്നും വേദ് പ്രകാശ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് താൻ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.എ.പിക്ക് കഴിഞ്ഞിട്ടില്ല. രണ്ട് വര്‍ഷമായി ത​െൻറ മണ്ഡലമായ ഭവാനയിൽ  വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എ രാജിവെച്ച് പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയിൽ ചേർന്നത് ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാകും.

Tags:    
News Summary - AAP MLA Ved Prakash joins Delhi BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.