ന്യൂഡൽഹി: ഡിസംബർ 4 ന് നടക്കുന്ന ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം ശക്തമാക്കിയിരിക്കുകയാണ് വിവിധ പാർട്ടികൾ. പ്രചരണ പരിപാടികളിൽ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ബി.ജെ.പി ഉയർത്തുന്നത്. ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മനംനൊന്ത് ആളുകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണെന്നാണ് അധ്യക്ഷൻ ജെപി നദ്ദ ഡൽഹിയിലെ വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പരിപാടിയിൽ പറഞ്ഞത്.
സത്യസന്ധരാണെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിയുടെ സത്യേന്ദർ ജെയിൻ അഴിമതിക്കേസിൽ ജയിലിലാണെന്ന് നദ്ദ കുറ്റപ്പെടുത്തി. അവർ തിഹാർ ജയിലിൽ ഒരു മസാജ് സെന്റർ തുറന്നിരിക്കുകയാണ്. ഒരു റേപ്പിസ്റ്റിനെ തെറാപ്പിസ്റ്റുമാക്കിയിരിക്കുന്നു -നദ്ദ പരിഹസിച്ചു.
കള്ളപ്പണക്കേസിൽ ജയിലിലായ ആപ് നേതാവിന് തിഹാർ ജയിലിൽ വി.വി.ഐ.പി സൗകര്യങ്ങൾ ലഭിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ തുടരെ പുറത്തുവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നദ്ദയുടെ പരിഹാസം. സത്യേന്ദ്ര ജെയിനിന് ജയിലിൽ മസാജ് ചെയ്ത് കൊടുക്കുന്നതിന്‍റെയും, ജയിൽ മുറി രണ്ടു പേർ വൃത്തിയാക്കുന്നതിന്‍റെയും, അതിഥികളുമായി സംസാരിക്കുന്നതിന്‍റെയുമെല്ലാം ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജയിലിൽ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും 36 കിലോ ഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ഹരജി നൽകിയതിന് പിന്നാലെ, ജയിലിൽ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.