ന്യൂഡൽഹി: ഐ.പി.എല്ലിനിടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച എ.എ.പി പ്രവർത്തകർ പിടിയിൽ. രാജസ്ഥാൻ റോയൽസും ഡൽഹി കാപ്പിറ്റൽസും തമ്മിൽ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡൽഹിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിലായിരുന്നു പ്രതിഷേധം. പൊതുശല്യമായെന്ന് ആരോപിച്ച് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എ.എ.പിയുടെ പ്രവർത്തകർ പ്രതിഷേധിക്കുന്ന വിഡിയോ പാർട്ടി എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് പിന്തുണയറിയിക്കുന്ന മുദ്രവാക്യങ്ങളാണ് പ്രവർത്തകർ സ്റ്റേഡിയത്തിൽ വിളിച്ചത്. ഐ.പി.എൽ മത്സരത്തിനിടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചവരെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്ന് എ.എ.പി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
ഡൽഹി പൊലീസും ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. സ്റ്റഡിയത്തിന്റെ വിവിധയിടങ്ങളിൽ പൊലീസിനെ നിയോഗിച്ചിരുന്നു. പൊതുശല്യമായി മാറിയ ചിലരെ പൊലീസ് പിടികൂടി. നിയമപരമായ നടപടികൾ പൂർത്തിയാക്കി പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു. സ്റ്റേഡിയത്തിൽ കളികാണാനെത്തുന്നവർക്ക് എല്ലാ സൗകര്യവും ചെയ്യും. എന്നാൽ, ഇത്തരം പ്രവർത്തികൾ സ്റ്റേഡിയത്തിൽ അനുവദിക്കാനാവില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിരുന്നില്ല. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയാൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ജോലികൾ ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. മെയ് 20 വരെ ഡൽഹിയിലെ റോസ് അവന്യു കോടതി കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.