അറസ്റ്റ് ചെയ്യപ്പെട്ടാൽ അരവിന്ദ് കെജ്‌രിവാൾ രാജി വെക്കണോ? പൊതുജനാഭിപ്രായം തേടാൻ എ.എ.പി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഗൂഢാലോചന പ്രകാരം അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണോ എന്നതിൽ പൊതുജനാഭിപ്രായം തേടാൻ എ.എ.പി. വിഷയത്തിൽ ഡിസംബർ ഒന്ന് മുതൽ 20 വരെ ജനങ്ങളുടെ പ്രതികരണം തേടാൻ ഒപ്പ് കാമ്പയിൻ നടത്തുമെന്ന് പാർട്ടിയുടെ സിറ്റി കൺവീനർ ഗോപാൽ റായ് അറിയിച്ചു.

എ.എ.പി എം.പി രാഘവ് ഛദ്ദക്കൊപ്പം വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് കെജ്‌രിവാളിനെ വ്യാജ മദ്യ കുംഭകോണക്കേസിൽ അറസ്റ്റുചെയ്യാൻ ബി.ജെ.പി ഗൂഢാലോചന നടത്തുന്നതെന്ന് ഗോപാൽ റായ് ആരോപിച്ചു.

2600 പോളിങ് സ്റ്റേഷനുകളിലും ലഘുലേഖകൾ വിതരണം ചെയ്ത് കാമ്പയിൽ നടത്തുമെന്നും അറസ്റ്റ് ചെയ്യപ്പെട്ടാൽ കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമോ എന്ന കാര്യത്തിൽ അവരോട് അഭിപ്രായം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാൾ എം.എൽ.എമാരെയും കൗൺസിലർമാരെയും കണ്ട് അഭിപ്രായം ചോദിച്ചിരുന്നെന്നും രാജിയുടെ ആവശ്യം ഇല്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടാൽ ജയിലിൽ നിന്ന് സർക്കാറിനെ നയിക്കണമെന്നുമാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ 21 മുതൽ ഡിസംബർ 24 വരെ നഗരത്തിലെ എല്ലാ വാർഡുകളിലും ആം ആദ്മി പാർട്ടി ‘ജൻ സംവാദ്’ സംഘടിപ്പിക്കുമെന്നും ആരോപണത്തിന് കാരണമായ മദ്യ കുംഭകോണത്തെക്കുറിച്ചും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയെക്കുറിച്ചും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യം എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചത്.

Tags:    
News Summary - AAP to seek public opinion from December 1 on whether Kejriwal should resign as CM if arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.