ഉപേക്ഷിക്കപ്പെട്ട ഖനികളിൽ അനധികൃത ഖനനത്തിനിടെ അപകടം; നാല് മരണം, നിരവധി പേർ കുടുങ്ങിയതായി സൂചന

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ അനധികൃത ഖനനത്തിനിടെ ഉപേക്ഷിച്ച മൂന്ന് കൽക്കരി ഖനികൾ തകർന്ന് നാല് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നിർസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡി ന്റെ ഗോപിനാഥ്പൂർ ഓപ്പൺ കാസ്റ്റ് പ്രോജക്ടിൽനിന്ന് മൂന്ന് സ്ത്രീകളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ധൻബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രേം കുമാർ തിവാരി പറഞ്ഞു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇ.സി.എല്ലിന്റെ കപസാര, ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്റെ ചാച്ച് വിക്ടോറിയ എന്നീ ക്വാറികളാണ് തകർന്നത്.

ധൻബാദ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തലിാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. കപസാര ഔട്ട്‌സോഴ്‌സിങ് പദ്ധതിയാണ് ആദ്യം തകർന്നതെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

തിങ്കളാഴ്ച ​രാത്രി വൈകി ചാച്ച് വിക്ടോറിയ, ചൊവ്വാഴ്ച രാവിലെ ഗോപിനാഥ്പൂർ ഓപ്പൺ കാസ്റ്റ് ഖനി എന്നിങ്ങനെയാണ് തകർന്നത്. മൂന്ന് ഖനികളിലും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൽക്കരി കമ്പനികൾക്ക് മാത്രമേ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം അറിയൂ എന്ന് പൊലീസ് സൂപ്രണ്ട് റീഷ്മ രമേശൻ പറഞ്ഞു.

പൊലീസ് നടപടി ഭയന്ന് അനധികൃത ഖനന തൊഴിലാളികളുടെ കുടുംബങ്ങൾ അധികാരികളെ അറിയിക്കാൻ  തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരോ പൊലീസോ എത്തുംമുമ്പ് ഖനിത്തൊഴിലാളികളിൽ ചിലരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട ഖനികളിലാണ് അപകടമുണ്ടായത്. അതിനാൽ വിഷയം ജില്ലാ ഭരണകൂടത്തിന്റെ പരിധിയിലാണെന്നും ഇ.സി.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖനിയുടെ പ്രവേശന കവാടത്തിൽ നിരവധി ചെരിപ്പുകൾ കണ്ടെത്തി, ഏറെ പേർ അകത്തുള്ളതായി ഇത് സൂചിപ്പിക്കുന്നു. ചാച്ച് വിക്ടോറിയ ഖനിയിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - abandoned coal mines collapse in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.