കൊൽക്കത്ത: ഡയമണ്ട് ഹാർബർ ലോക്‌സഭ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി. അമിത് ഷാ വിജയിച്ചാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. ടി.എം.സിയുടെ മഥുരാപൂർ സ്ഥാനാർഥി ബാപി ഹാൽഡറിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ സജീവ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ ആഗ്രഹിക്കുന്നുവെങ്കിൽ മൂന്ന് ഓപ്ഷനുകളിൽ മുന്നോട്ടുവെക്കാം, അതിൽ ഏതെങ്കിലും നിറവേറ്റണമെന്ന് അഭിഷേക് ബാനർജി പറഞ്ഞു. സംസ്ഥാനത്തിന്‍റെ കുടിശ്ശികയായ 1,64,000 കോടി അനുവദിച്ചാൽ 24 മണിക്കൂറിനുള്ളിൽ വിരമിക്കുമെന്നതാണ് ഒന്നാമത്തെ ഓപ്ഷൻ. രണ്ടാമത്തേത് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക എന്നതും. ഡയമണ്ട് ഹാർബർ മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശം ഇനിയും ആരംഭിച്ചിട്ടില്ലെന്നും അമിത് ഷാ ഡയമണ്ട് ഹാർബർ നിന്ന് മത്സരിച്ച് തന്നെ തോൽപ്പിച്ചാൽ രാഷ്ട്രീയം എന്നന്നേക്കുമായി വിടും എന്നതാണ് മൂന്നാമത്തെ ഓപ്ഷനെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജി അഭിഷേക് ബാനർജിയെ പശ്ചിമ ബംഗാളിന്‍റെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞതിനോടും അദ്ദേഹം പ്രതികരിച്ചു. മകനെ ബി.സി.സി.ഐ പ്രസിഡന്‍റ് ആക്കാൻ ആഗ്രഹിച്ച അമിത് ഷായയെ പോലെ അല്ലെ എല്ലാവരും. ഷായിൽ നിന്ന് ധാർമ്മിക മൂല്യങ്ങളും പ്രത്യയശാസ്ത്രവും പഠിക്കേണ്ടതില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.
സ്വന്തം നേട്ടത്തിന് വേണ്ടിയാണ് അമിത് ഷാ രാഷ്ട്രീയത്തിലുള്ളതെന്നും എന്നാൽ തങ്ങൾ അങ്ങനെ ചെയ്യില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് രാഷ്ട്രീയത്തിലുള്ളതെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.